
പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹന്‍ലാലും അക്ഷയ് കുമാറും! വൈറലായി വീഡിയോ
രണ്ട് മുന്‍നിര നടന്മാരാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മോഹന്‍ലാലിനൊപ്പം കിടിലന്‍ ഡാന്‍സ് കളിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിലാണ് മോഹന്‍ലാലും അക്ഷയ്കുമാറും തകര്‍പ്പന്‍ ഡാന്‍സ് കളിച്ചത്. രാജസ്ഥാനില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാനാകും. അക്ഷയ് കുമാര്‍ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment 😊🙏 pic.twitter.com/GzIwcBbQ5H
— Akshay Kumar (@akshaykumar) February 10, 2023
‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാന്‍ എന്നേക്കും ഓര്‍ക്കും മോഹന്‍ലാല്‍ സാര്‍. തികച്ചും അവിസ്മരണീയമായ നിമിഷം’, എന്നാണ് അക്ഷയ് കുമാര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി ആരാധകരാണ് ഇതിനോടകം വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. മലയാളികള്‍ അടക്കമുള്ളവര്‍ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്‌സാല്‍മീര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു നീലകണ്ഠന്‍ ആണ്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.