‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം
തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന് മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് മറ്റൊരു സംസ്ഥാനത്തിലെ നടന്റെ ചിത്രം രാത്രി ഒരു മണിക്ക് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രത്യേകതയോടെയാണ് തുനിവിന് ആരാധകര്‍ കയറിയത്. ഒട്ടും നിരാശപ്പെടുത്താതെ തല അജിത്തിന്റെ മാസ്സ് പ്രകടനം തന്നെയാണ് ആരാധകര്‍ക്ക് കിട്ടിയത്. ഡാന്‍സിലും ഫൈറ്റിലും തലയെ പകരം വയ്ക്കാന്‍ മറ്റാരും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അജിത്ത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ലോകേഷ് കനകരാജിന്റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് അനുഭവിപ്പിക്കുന്ന ചിത്രം കൂടിയാണ് തുനിവ് എന്നും പറയുന്നു.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മഞ്ജു കലക്കി, അജിത് സ്വാഗ് എന്നെല്ലാമാണ് സിനിമകണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. കണ്മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാര്‍, ആമിര്‍, അജയ്, സബി, ജി.പി. മുത്തു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
‘തുനിവി’ന്റെ ഓടിടി പാര്ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.