‘കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും’ ! ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം; തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’ ; മഞ്ജു വാര്യര്‍
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. 10 ദിവസം കഴിയുമ്പോഴും തീ മുഴുവന്‍ അണയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം. ‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
നേരത്തെ നടന്മാരായ ഉണ്ണിമുകുന്ദനും പൃഥ്വിരാജും രമേശ് പിഷാരടി തുടങ്ങിയവര്‍ പ്രതികരണനുമായി രംഗത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക’, ഉണ്ണി മുകുന്ദന്‍ കുറിച്ചു.
അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട് അനുതാപമാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.