
ആൻ അഗസ്റ്റിൻ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പുറത്ത്
2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ അഗസ്റ്റിൻ തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും ഗംഭീര പ്രകടനം കാഴ്ചവെച്ച താരം 2014-ൽ പ്രശസ്ത ചായാഗ്രഹകൻ ജോമോൻ ടി. ജോണിനെ വിവാഹം ചെയ്യുകയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആൻ അഗസ്റ്റിനും ആയുള്ള വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ജോമോൻ ചേർത്തല കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെപ്പറ്റിയൊ ഒന്നും തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ സത്യമാണെന്ന് ജോമോൻ ടി. ജോൺ സ്ഥിരീകരിച്ചിരുന്നു. ജീവിതത്തിൽ ഇനി ഒന്നിച്ചു മുന്നോട്ട് പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് തങ്ങൾ വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത് എന്നാണ് ജോമോൻ മുൻപ് പറഞ്ഞിട്ടുള്ളത്. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമാലോകത്ത് സജീവമാകാനൊരുങ്ങുകയാണ് ആൻ അഗസ്റ്റിൻ.
ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആൻ അഗസ്റ്റിൻ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന പുതിയ ചിത്രത്തിലാണ് ആൻ അഗസ്റ്റിൻ നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. എം.മുകുന്ദന്റെ പ്രശസ്തമായ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. എം.മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജീവിതഗന്ധിയായ കുറേ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അഭിനയിക്കുന്ന ചിത്രങ്ങളിൽ സുരാജ് വെഞ്ഞാറമൂട് പാലിക്കുന്ന കൃത്യത ഈ ചിത്രത്തിലും ഉണ്ടാകും എന്ന് ഏവരും പ്രതീക്ഷിക്കുന്നു.