മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ സെറ്റിലെത്തി സൂര്യ ; ചിത്രങ്ങള്‍ വൈറല്‍
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘കാതല്‍’. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിച്ച് വരികയാണ്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ ചില വിശേഷങ്ങളാണ് വൈറലാവുന്നത്.
കാതലിന്റെ സെറ്റിലേക്ക് സൂര്യ എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഇന്നാണ് ലൊക്കേഷനിലേക്ക് സൂര്യ എത്തുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിന് നായകന് എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കൂടാതെ സൂര്യയും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം മമ്മൂട്ടിയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിച്ചുണ്ട്. കാതലില്‍ ഗെസ്റ്റ് റോളില്‍ സൂര്യ എത്തുന്നുണ്ടോ എന്നാണ് ഇപ്പോള്‍ പലരും സംശയം ഉന്നയിക്കുന്നത്.
കാതലിന്റെ പ്രഖ്യാപനവേളയില്‍ സൂര്യ പങ്കുവെച്ച ട്വിറ്റും അന്ന് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ‘ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്റെ ആശയം, ഒപ്പം സംവിധായകന് ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയില്‍ ഒരാള്‍ പകര്‍ത്തിയ മമ്മൂക്കയുടെ സ്ഥാനാര്‍ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു.
മമ്മൂട്ടിക്കൊപ്പം നായികയായി ജ്യോതിക എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സാലു കെ തോമസ് ആണ്.