”അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല”: റിവ്യൂവേഴ്സിനെക്കുറിച്ച് നടൻ സിദ്ധിഖ്
1 min read

”അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല”: റിവ്യൂവേഴ്സിനെക്കുറിച്ച് നടൻ സിദ്ധിഖ്

 

സമൂഹമാധ്യമങ്ങളിലൂടെയുടെ സിനിമാ നിരൂപണത്തെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. ചില താരങ്ങൾ റിവ്യൂവേഴ്സിനെ വിമർശിക്കുമ്പോൾ ചിലർ അനുകൂലിച്ചാണ് രം​ഗത്തെത്തുന്നത്. എന്നാലും നിരൂപണമെന്നത് ഒരു സിനിമയെ തകർക്കാനായി ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നും പൊതുവെ ഉയർന്നുവരുന്ന പ്രധാന വിമർശനം.

പല താരങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

“നിരൂപണം ഒരു കലയാണ്. സിനിമയുടെ ഒരോ വശവും സൂക്ഷ്മമായി പഠിച്ച് അതിന്റെ പോരായ്മകളെന്താണെന്ന് ആ നിരൂപകന് തോന്നുന്നത് വ്യക്തമായി പറയുകയും, അത് വായിക്കുമ്പോൾ ശരിയാണല്ലോ എന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യുമ്പോഴാണ് ഒരാൾ നല്ല നിരൂപകനാകുന്നത്. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം വായിക്കുന്ന നിരൂപണം ‘ചെമ്മീൻ’ സിനിമയുടേതാണ്.

അന്ന് ആ നിരൂപണത്തിൽ മാർക്കസ് ബാർട്ട്ലി എന്ന ഛായാഗ്രഹകനെ കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയിംസ്, ആ ദൃശ്യ ഭംഗി പലപ്പോഴും പ്രേക്ഷകനെ കഥയിൽ നിന്നും മാറ്റിക്കളയുന്നു. അതായത് ദൃശ്യ ഭംഗി അത്രയും വേണ്ടിയിരുന്നില്ല എന്നാണ് ആ നിരൂപകൻ എഴുതിയിരുന്നത്. കാരണം, പലപ്പോഴും മാർക്കസ് ബാർട്ട്ലി പകർത്തിയ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി നോക്കിയിരിക്കുമ്പോൾ നമ്മൾ കറുത്തമ്മയേയും പരീക്കുട്ടിയേയും മറന്നു പോകുന്നു, അതാണ് നിരൂപണം.

ഇപ്പോൾ സിനിമ കണ്ടിട്ട് അവർക്ക് ഇഷ്ടമുള്ളതാണ് പറയുന്നത്. അവർ പറയട്ടെ. നമ്മൾ റിവ്യു പറയേണ്ട എന്ന് പറഞ്ഞാൽ അവർ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാൽ അത് അവർ ചെയ്യണമെന്നുമില്ല. നമ്മൾ അത് കേൾക്കുക എന്നുള്ളത് മാത്രമേയുള്ളു. അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കുക.

അടുത്ത സിനിമ വരുമ്പോൾ അടുത്ത അഭിപ്രായം അളുകൾ പറയും. അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. എങ്കിൽ പോലും ഞാൻ എല്ലാം കാണാറും കേൾക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലരെയും പറ്റി മോശമായി പറയുന്നത് കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്”- സിദ്ധിഖ് പറയുന്നു.