അസുരൻ്റെ വീര്യവും, ദേവൻ്റെ  പുണ്യവുമായി  നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്
1 min read

അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്

ചില സിനിമകൾക്ക് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. കണ്ട് കഴിഞ്ഞാൽ അവ നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്രീനിൽ നിന്ന് മാഞ്ഞു പോയാലും മനസിനുള്ളിൽ ചിത്രത്തിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും, ഡയലോഗുകളും എന്നും തങ്ങി നിൽക്കും. അത്തരത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓർമിച്ചെടുക്കാൻ കഴിയുന്ന ചിത്രമാണ് ദേവാസുരം.  1993 – ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവാസുരം’.   നെപ്പോളിയൻ,  രേവതി,  ഇന്നസെന്റ്,  നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിലെത്തി തകർത്ത് അഭിനയിച്ച ചിത്രം.

മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം.  2001ൽ രഞ്ജിത്ത് ഒരുക്കിയ ദേവാസുരത്തിൻ്റെ രണ്ടാം ഭാഗമായ രാവണപ്രഭുവും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സമ്പന്നവും, കുലീനവുമായ മംഗലശേരി കുടുംബത്തിൻ്റെ ഏക അവകാശിയായിട്ടാണ് ചിത്രത്തിൽ നീലകണ്ഠൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചത്.  ജുഡീഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ച തൻ്റെ പിതാവിൻ്റെ സമ്പത്തും നല്ല പേരും അദ്ദേഹം പാഴാക്കിക്കളയുകയാണ്. വഴക്കാളിയും, താന്തോന്നിയും, മുൻകോപക്കാരനുമായ നീലകണ്ഠനെ വീട്ടുകാരും,നാട്ടുകാരും ഭയപ്പെടുകയും, അയാളെ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. എന്നാൽ അയാളെ നന്നായി അറിയുന്ന ആളുകൾക്ക് നീലകണ്ഠനെ ഇഷ്ടവുമാണ്. ചിത്രത്തിൽ നീലകണ്‌ഠൻ്റെ വലം കൈയ്യായി വാര്യരുടെ വേഷത്തിലെത്തുന്നത് ഇന്നസെന്റാണ്.

നീലകണ്ഠനുമായി എപ്പോഴും വഴക്കിടുന്ന മുണ്ടയ്ക്കൽ തറവാട്ടിലെ ശേഖരൻ നമ്പ്യാരാണ് ചെറുപ്പം മുതലേ നീലകണ്‌ഠൻ്റെ ശത്രു.  ഒരു ചെറിയ വഴക്കിനിടെ, നീലകണ്ഠന്റെ സഹായികളിലൊരാൾ ശേഖരൻ്റെ അമ്മാവനെ അബദ്ധത്തിൽ കൊല്ലുന്നു. ഇത് അമ്മാവൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ശേഖരനെ പ്രേരിപ്പിക്കുന്നു. നീലകണ്ഠനും, മുണ്ടയ്‌ക്കൽ ശേഖരനും തമ്മിലുള്ള സംഘർഷ ഭരിതമായ അവസ്ഥയിലൂടെയാണ് സിനിമ കടന്നു പോകുന്നത്. മോഹൻലാൽ എന്ന അനശ്വര നടനെ പൂർണതയിൽ എത്തിക്കാൻ നീലകണ്ഠൻ എന്ന കഥപാത്രത്തിന് സാധിച്ചപ്പോൾ മലയാളി സിനിമ ആസ്വാദകരുടെ മനസിലുടനീളം മോഹൻലാൽ അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി ദേവാസുരത്തിലൂടെ പകര്‍ന്നാടിയ മംഗലശ്ശേരി നീലകണ്ഠന് ഇന്ന് 29 വയസ്സ് തികയുമ്പോൾ ഇന്നലകളിലെന്ന പോലെ 29 വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്.