‘അമ്മയുടെ വള പണയം വെച്ച് ആദ്യ അഭിനയം, അന്ന് പറ്റിക്കപ്പെട്ടു; എങ്കിലും സിനിമാമോഹം കൈവിട്ടില്ല’: ദീപക് പറമ്പോൾ
13 വർഷങ്ങള്‍ക്ക് മുമ്പ് ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നടനാണ് ദീപക് പറമ്പോള്‍. ശേഷം ഇതിനകം ചെറുതും വലുതുമായ നാൽപതോളം സിനിമകളുടെ ഭാഗമായി ദീപക്. അടുത്തിടെ റിലീസായ കണ്ണൂർ സ്ക്വാഡ്, ചാവേർ, ഇമ്പം തുടങ്ങിയ സിനിമകളിൽ ഏറെ പ്രാധാന്യമുള്ള വേഷങ്ങളിലായിരുന്നു ദീപക് എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് എത്തിച്ചേരാൻ താൻ പിന്നിട്ട വഴികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദീപക് പറമ്പോള്‍.
അഭിനയ മോഹം മൂലം ജീവിതത്തിൽ ഉണ്ടായ മറക്കാനാകാത്ത ഒരു സംഭവത്തെ കുറിച്ച് ദീപക് പറഞ്ഞിരിക്കുകയാണ്. ‘ഒരിക്കൽ ഒരു പത്രപ്പരസ്യം കണ്ട് ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഒരു ആൽബത്തിൽ നായകനാകാനായി അഭിനയിക്കാൻ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. നടനാകണമെങ്കിൽ പണം വേണമെന്ന് ആ ആൽബത്തിന്റെ സംവിധായകൻ ആവശ്യപ്പെട്ടു. ഓഡിഷൻ കഴിഞ്ഞ് വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും ഇതേ കുറിച്ച് സംസാരിച്ചു. അച്ഛന് ഒരു മെഡിക്കൽ ഷോപ്പിലായിരുന്നു ജോലി. പെട്ടെന്ന് ഇത്രയും പണം തരപ്പെടുത്താൻ കഴിയുമായിരുന്നില്ല. അമ്മയുടെ വള പണയം വയ്ക്കാൻ ലഭിച്ചു, അതുവഴി പതിനായിരം രൂപ സംഘടിപ്പിച്ച് ആൽബത്തിൽ അഭിനയിക്കാൻ പോയി.
ആലപ്പുഴയിലെ ഒരു ബീച്ചിൽ വെച്ചായിരുന്നു ഷൂട്ട്. നിര്‍മ്മാതാവും സംവിധായകനും ചേർന്ന് ഒരു ലോഡ്ജിൽ വെച്ച് പണം വാങ്ങി. കല്യാണ ആൽബത്തിനൊക്കെ ചിത്രീകരണത്തിനായി കൊണ്ടുവരുന്ന ഒരു ക്യാമറയിലായിരുന്നു ഷൂട്ട്. ഷൂട്ട് തീരും മുമ്പേ ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. പിന്നീട് ആ ആൽബത്തെ കുറിച്ചോ അതിന്റെ പിന്നണി പ്രവർത്തകരെ കുറിച്ചോ ഒരു വിവരവുമില്ലായിരുന്നു. അതൊരു വലിയ പാഠമായിരുന്നു, പിന്നീട് ഇത്തരം തട്ടിപ്പിൽ വീണിട്ടില്ലെ’ന്ന് ദീപക് ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
‘പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു നാടകത്തിന്റെ ഭാഗമായത്. ഒരു വൃദ്ധന്റെ റോളിലാണ് അന്ന് അഭിനിച്ചത്. പ്ലസ് ടുവിൽ പഠിക്കുമ്പോഴും ഒരു നാടകത്തിൽ അഭിനയിച്ചിരുന്നു. തളിപ്പറമ്പ് ഐഎച്ച് ആർഡിയിലെ ഡിഗ്രി പഠനകാലത്തും നാടകങ്ങളുടെ ഭാഗമായി. ഇതൊക്കെയാണ് സിനിമാ മോഹത്തിന്റെ തുടക്ക’മെന്ന് ദീപക് പറയുന്നു. ‘എന്റെ സിനിമാ മോഹത്തെ കുറിച്ച് അറിയാമായിരുന്ന ഒരു കൂട്ടുകാരനാണ് ഒരിക്കൽ ഗ്രാൻഡ് പ്രൊഡക്ഷൻസ് പുതുമുഖങ്ങളെ തേടുന്ന പരസ്യം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഫോണിലെടുത്ത ഒരു ഫോട്ടോ അന്ന് അയച്ചുകൊടുത്തു, ഓഡിഷനിൽ സെലക്ടായി. അടുത്ത ഘട്ടത്തിൽ നിവിൻ പോളിയും അജു വര്ഗ്ഗീസുമടക്കം 22 പേരുണ്ടായിരുന്നു അന്ന് ക്യാമ്പിൽ. അന്ന് എല്ലാവര്ക്കും ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമയിലേക്ക് അവസരം കിട്ടി. സിനിമ വലിയ ഹിറ്റായെങ്കിലും നടനെന്ന നിലയിൽ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നില്ല.
അതിന് ശേഷം വിനീതേട്ടനൻ തട്ടത്തിൻ മറയത്തിലും തിരയിലും വേഷങ്ങള്‍ തന്നു. അടുത്തതായി അദ്ദേഹം സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയിലും നല്ലൊരു റോളുണ്ട് എനിക്ക്’, ദീപക്കിന്റെ വാക്കുകള്‍. ‘കുഞ്ഞിരാമായണം, ക്യാപ്റ്റൻ, ദ ഗ്രേറ്റ് ഫാദര്‍, ബി ടെക്, ക്രിസ്റ്റഫര്‍, ജോൺ ലൂഥർ, കണ്ണൂർ സ്ക്വാഡ് അടക്കമുള്ള സിനിമകളിലെ വേഷങ്ങളെ പറ്റി ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സാ’ണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ’, ദീപക് പറയുന്നു.