‘ഓസ്ലറും’ പിള്ളേരും നാലാം വാരത്തിൽ…!! 25 ദിവസം കൊണ്ട് നേടിയത്
ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ‘ഓസ്ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്ലര് ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു.
നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ഉള്ള ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 25 ദിവസത്തെ കളക്ഷന്‍ കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 24.4 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15.65 കോടിയും ചിത്രം നേടിയിട്ടുണ്ടെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 40 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. നാലാം വാരം കേരളത്തില്‍ 144 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വൈഡ് റിലീസിംഗിന്റെ ഇക്കാലത്ത് മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ഇത്. 2022 ല്‍ പുറത്തെത്തിയ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ചിത്രമാണിത്. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അബ്രഹാം ഓസ്ലർ എന്നാണ് ജയറാമിന്റെ പേര്. ഇരുവർക്കും ഒപ്പം ജഗദീഷ്, അനശ്വര രാജൻ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ആര്യ സലിം, സെന്തിൽ തുടങ്ങി ഒട്ടനവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.