മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ളയുടെ മോഹന്‍ലാല്‍ ചിത്രം ‘പമ്പ’ വരുന്നു
ഈ അടുത്ത് ഏറ്റവും വലിയ വിജയം നേടിയ മലയാള സിനിമയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ശബരിമല ശാസ്താവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിഉണ്ണി മുകുന്ദന് വേഷമിട്ട ഈ ഫാമിലി ആക്ഷന്‍ ഡ്രാമക്ക് വമ്പന്‍ ജനപിന്തുണയാണ് ലഭിച്ചത്. 100കോടി ക്ലബ്ബിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തപ്പോഴും വന്‍ സ്വീകരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട നിവാസിയായ അഭിലാഷിന് ശബരിമലയും അയ്യപ്പനും എന്നും ഒരു ആവേശമായിരുന്നു. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറി.
ഇപ്പോഴിതാ മാളികപ്പുറത്തിനു ശേഷം തന്റെ സ്വപ്ന ചിത്രമായ പമ്പ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷ് പിള്ള. മോഹന്‍ലാല്‍ നായകനായാല്‍ മാത്രമേ താന്‍ ഈ ചിത്രം ചെയ്യൂ എന്നും, ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം എഴുതിയ ചിത്രമാണെന്നും അഭിലാഷ് പിള്ള ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ നായകനായി എത്തുന്ന പമ്പ എന്ന ആക്ഷന്‍ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുക. മോഹന്‍ലാല്‍ പമ്പയുടെ കഥ കേള്‍ക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തെന്നും സോഷ്യല്‍ മീഡിയകളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും സൂചനയും അഭിലാഷ് പിള്ള തരുന്നുണ്ട്. ഇത് ആരായിരിക്കും സംവിധാനം ചെയ്യുക എന്ന് വിവരങ്ങളില്ല എങ്കിലും, അഭിലാഷ് പിള്ളയുടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രം സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സംവിധായകന് വൈശാഖ് ആയിരിക്കാം ഈ മോഹന്‍ലാല്‍ ചിത്രം ഒരുക്കാന്‍ പോകുന്നതെന്നും ചര്‍ച്ചയാവുന്നുണ്ട്.
അതേസമയം മോഹന്‍ലാല്‍ രാജസ്ഥാനില്‍ മലൈക്കോട്ടൈ വാലിബന് ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കുകളിലാണ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം.