ബോക്‌സ് ഓഫീസ് ചരിത്രത്തിലേക്ക് ഇടം പിടിച്ച് പഠാന്‍…! ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുക നേടി ഷാരൂഖ് ചിത്രം
1 min read

ബോക്‌സ് ഓഫീസ് ചരിത്രത്തിലേക്ക് ഇടം പിടിച്ച് പഠാന്‍…! ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുക നേടി ഷാരൂഖ് ചിത്രം

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആദ്യ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്. 12 ദവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ 832കോടിയായിരുന്നു. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 429.90 കോടിയും മൊത്തം 515 കോടിയും ഓവര്‍സീസ് ഗ്രോസ് 317.20 കോടിയുമാണെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തത്.

ഇപ്പോഴിതാ ഇന്ത്യയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് 500 കോടി നേടുന്നത്. ഹിന്ദിക്ക് പുറമെ പഠാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് 502.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ.

ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന്‍ മുന്നേറുന്നത്.