”രംഗൻ ചേട്ടന് തുല്യം രംഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരംഗമായി ആവേശം
തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫഹദ് ചെയ്തത് പോലെ രംഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ ഇന്ത്യയിൽ മറ്റൊരു നടനും സാധിക്കില്ലെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പണ്ട് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു. ഇന്ന് ബിഗ് സ്ക്രീനിൽ ഫാഫയുടെ പകർന്നാട്ടം. ഇത് രംഗണ്ണൻ യുഗം’, എന്നാണ് മറ്റൊരാൾ കുറിച്ചത്.
“നമ്മളൊരിക്കലും ചിന്തിക്കാത്ത ഗ്യാങ്സ്റ്ററിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഫഹദ് കസറിത്തെളിഞ്ഞിട്ടുണ്ട്. സംവിധായകൻ അദ്ദേഹത്തെ അഴിച്ച് വിട്ടെന്ന് ഉറപ്പാണ്. റിപ്പീറ്റ് വാല്യു ഉള്ള പക്കാ ഗ്യാങ്സ്റ്റർ കോമഡി ഇമോഷണൽ ഡ്രാമയാണ് ആവേശം”, എന്നാണ് മറ്റൊരാളുടെ കമന്റ്. കോമഡിചെയ്ത് പെട്ടെന്ന് ഗ്യാങ്സ്റ്ററിലേക്കുള്ള ഫഹദിന്റെ മറ്റാം അതിഗംഭീരമായിരുന്നുവെന്നും ചിലർ കുറിക്കുന്നുണ്ട്. തിയറ്ററിൽ റിലീസ് ചെയ്തപ്പോഴും ഇതേ അഭിപ്രായം അയിരുന്നു പ്രേക്ഷകർക്ക് എന്നതും ശ്രദ്ധേയമാണ്.
വിഷു റിലീസ് ആയാണ് ആവേശം തിയറ്ററുകളിൽ എത്തിയത്. അതായത് ഏപ്രിൽ 11ന്. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആവേശത്തിന്റെ യുഎസ്പി. ഒടുവിൽ ഫഹദിന്റെ പ്രകടനം കൂടി ആയപ്പോൾ ബോക്സ് ഓഫീസിലും ചിത്രത്തിന് വൻ തേരോട്ടം. ഒടിടി റിലീസിന് മുൻപ് വരെ ആവേശം ആകെ നേടിയത് 150 കോടിയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്.