സ്റ്റീഫൻ നെടുമ്പള്ളിയെ വീഴ്ത്തി രംഗൻ ചേട്ടൻ; കളക്ഷൻ റക്കോർഡുകളെ കടത്തി വെട്ടി ആവേശം
മലയാള സിനിമയെ ഏറെ താഴെ നിന്നും പൊക്കിക്കൊണ്ടു വന്ന വർഷമാണ് 2024. എന്തുകൊണ്ടാണെന്നറിയില്ല ഈ വർഷം ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാഗവും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. ആ കാറ്റഗറിയിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം.
ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ‘അഴിഞ്ഞാടി’യപ്പോൾ പ്രേക്ഷകരും ആ ആവേശത്തിരയിളക്കം ഏറ്റെടുത്തു. അത് അന്വർത്ഥമാക്കുന്നതാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് ദിനം മുതൽ മികച്ച കളക്ഷൻ നേടിയ ആവേശം ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ പിന്നിലാക്കി എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ 128 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ആവേശം നേടിയത് 130കോടിയും. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആവേശം. 135 കോടി നേടി പ്രേമലുവാണ് അഞ്ചാം സ്ഥാനത്ത്. വൈകാതെ പ്രേമലുവിനെയും ആവേശം മറികടക്കുമെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ആടുജീവിതം, പ്രേമലു, ആവേശം, ലൂസിഫർ എന്നിവയാണ് നിലവിൽ പണംവാരിയ മോളിവുഡ് സിനിമകൾ.