തിയേറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ട് ആടുജീവിതം; വിസ്മയിപ്പിക്കുന്ന കളക്ഷനുമായി ചിത്രം
മലയാള സിനിമയ്ക്കിത് സുവർണകാലമാണ്. മറ്റ് ഭാഷാ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ പാടുപെട്ടപ്പോൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ നേടിയത്. ഇത് തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളിൽ വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാർച്ച് 28ന് ആയിരുന്നു.
ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ 75 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു എത്ര വാർത്തയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സ്ക്രീൻ കൗണ്ട് കുറവാണെങ്കിലും പ്രധാന സെൻററുകളിൽ ചിത്രം ഇപ്പോഴും കളിക്കുന്നുണ്ട്. ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷൻ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ കേരള ബോക്സ് ഓഫീസിൻറെ കണക്ക് പ്രകാരം കേരളത്തിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 79.3 കോടി ആണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 19.7 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് മറ്റൊരു 59.4 കോടിയും. അങ്ങനെ ആകെ 158.45 കോടി. മലയാള സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് നിലവിൽ ആടുജീവിതം. പ്രഖ്യാപന സമയം മുതൽ മലയാളികൾ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. വിൽപ്പനയിൽ റെക്കോർഡിട്ട, മലയാളികളുടെ പ്രിയനോവൽ ആടുജീവിതത്തിൻറെ ചലച്ചിത്രരൂപം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം.
തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷമാണ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചത്. അതദ്ദേഹം വിസ്മയിപ്പിക്കുന്ന വിധത്തിൽ മനോഹരമാക്കുകയും ചെയ്തു. ശരീരഭാരം വളരെയധികം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോകൾ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ടായിരുന്നു. എ ആർ റഹ്മാൻ സംഗീതം പകർന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ശ്രീകർ പ്രസാദ് ആണ്. അമല പോൾ, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിഖ് അൽ ബലൂഷി, റിക് അബി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.