മണിക്കൂറിൽ 17000ലേറെ ടിക്കറ്റുകൾ; ബോക്സ് ഓഫിസിൽ തരംഗമായി ആടുജീവിതം
മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള അനുഭവമാണ് ആടുജീവിതം മലയാളികൾക്ക് സമ്മാനിച്ചത്. എല്ലാ കോണുകളിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ജനപ്രിയമായ ബെന്യാമൻറെ നോവൽ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനിൽ എത്തിച്ചത്. 16 കൊല്ലം അതിന് വേണ്ടി സംവിധായകൻ നടത്തിയ പരിശ്രമം സ്ക്രീനിൽ കാണാനുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്തായാലും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് പടം.
കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോ വഴി ചിത്രത്തിൻറെ 2.9 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് കാണിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മണിക്കൂറിൽ 17000 ടിക്കറ്റിന് അടുത്താണ് ഒരോ മണിക്കൂറിലും ബുക്ക് മൈ ഷോയിൽ ആടുജീവിതത്തിനായി ബുക്ക് ചെയ്യപ്പെടുന്നത്. ആദ്യദിനത്തിൽ കേരള ബോക്സോഫീസിൽ 6 കോടിയിലേറെ കളക്ഷൻ നേടിയ ആടുജീവിതം അതിനൊത്ത പ്രകടനം രണ്ടാം ദിനത്തിലും കാഴ്ചവയ്ക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.
അതേ സമയം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഇറങ്ങിയിരുന്നു. ഇതിൽ എല്ലാം ചേർത്ത് സാക്നിൽ.കോം കണക്ക് പ്രകാരം ആടുജീവിതം ഇന്ത്യയിൽ 7.45 കോടിയാണ് നേടിയത്. ഇതിൽ മലയാളം തന്നെയാണ് മുന്നിൽ 6.5 കോടിയാണ് മലയാളത്തിൽ ആടുജീവിതം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ്. ഇതോടെ ഓപ്പണിംഗ് ദിവസം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ആടുജീവിതം മാറി.
പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലസ്സി നിർവഹിച്ച് എത്തിയപ്പോൾ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന് ആസ്പദം. സംഗീതം എ ആർ റഹ്മാനാണ്. ഇന്നലെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം വലിയ അഭിപ്രായമാണ് ചിത്രം നേടുന്നത്.