ഒരു കാലത്ത് കൂടുതലും പുരുഷന്മാർ മാത്രം കഴിവ് തെളിയിച്ച മലയാള സിനിമ മേഖലയിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ അണിയറയിലെ ഒരു പറ്റം സ്ത്രീകൾ
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് നടിമാർ, സംവിധായക, നിർമാതാവ്,തിരക്കഥാകൃത്ത്,ഗായിക എന്നീ പേരുകളാണ്. അതേസമയം എണ്ണം പരിശോധിക്കുമ്പോൾ തിരക്കഥ, എഡിറ്റിങ്ങ്, ഗാനരചയിതാവ്, പ്രൊഡക്ഷൻ മാനേജർ തുടങ്ങി ഒരു വിധം എല്ലാ മേഖലയിലും സ്ത്രീകൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചവരാണ്. മലയാള സിനിമയിലെ അധികമാരും ശ്രദ്ധിക്കാതെ പോയ സ്ത്രീകളായ അണിയറപ്രവർത്തകർ ആരൊക്കെയെന്ന് നോക്കാം.
വിജയ നിർമല
അഭിനയവും, സംവിധാനവും ഒരേപോലെ കൈകാര്യം ചെയ്യുന്ന നിരവധി സ്ത്രീകൾ മലയാള സിനിമയിലുണ്ട്. മലയാളത്തിലെ ആദ്യ സംവിധായകയായിരുന്നു നടി വിജയ നിർമല. 1973 – ൽ കവിതയെന്ന സിനിമയായിരുന്നു ഇവർ സംവിധാനം ചെയ്തത്. കവിയൂർ പൊന്നമ്മ, അടൂർഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, കെ. പി ഉമ്മർ എന്നിവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ.
ഷീല
ഇത്തരത്തിൽ സംവിധായകമാരുടെ ലിസ്റ്റിൽ ഇടം നേടിയ പട്ടികയിൽ നടി ശീലയുമുണ്ട്. മധു നായകനായി എത്തിയ ‘യക്ഷഗാനം’, ജയൻ നായകനായി എത്തിയ ശിഖരങ്ങൾ എന്നീ രണ്ട് മലയാള സിനിമകളും സംവിധാനം ചെയ്തത് നടി ശീലയായിരുന്നു.
രേവതി
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും സംവിധായക കുപ്പായമണിഞ്ഞ നടിയാണ് രേവതി. കേരള കഫേ എന്ന സിനിമയിലെ ആന്തോളജിൽ മകൾ എന്ന ഭാഗം രേവതിയുടെ ഡയറക്ക്ഷനിൽ പിറന്നതാണ്. ശോഭന നായികയായി എത്തിയ ‘മിസ്റ്റർ മൈ ഫ്രണ്ട്’, ഫിർ ഫിർ മിലേംഗേ , തുടങ്ങിയ ഹിന്ദി ചിത്രങ്ങളും രേവതിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ്.
ഗീതു മോഹൻദാസ്
നടി ഗീതു മോഹൻദാസും മലയാളത്തിലും, ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘ലയേഴ്‌സ് ഡൈസ്’ എന്ന ബോളിവുഡ് ചിത്രവും, നിവിൻ പോളി നായക വേഷത്തിലെത്തിയ ‘മൂത്തോൻ’ എന്ന ചിത്രവും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ്.
അഭിനേത്രികളല്ലാത്ത മലയാള സിനിമയിലെ സംവിധായകമാർ
1998 – ലെ ജന്മദിനമെന്ന ചിത്രവും, 1999 – ലെ സാരി എന്ന ചിത്രവും സംവിധാനം ചെയ്തത് സുമ ജോസനായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകകൂടിയാണവർ നിരവധി ഡോക്യൂമെന്ററികളും, ഷോർട്ട് ഫിലിമുകളും ഇവർ സംവിധനം ചെയ്തിട്ടുണ്ട്.
അഞ്ജലി മേനോൻ
കേരളകഫേ എന്ന ആന്തോളജിയിലെ ഹാപ്പി ജേണി, മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ സിനിമകൾ സംവിധാനം ചെയ്തത് സംവിധായക അഞ്ജലി മേനോനാണ്. പ്രേക്ഷകർക്ക് വളരെ പരിചിതയായ സംവിധായകയാണ് അഞ്ജലി മേനോൻ.
റോഷ്‌നി ദിനകർ
പൃഥ്വിരാജ് നായകനായ മൈസ്റ്റോറി എന്ന ചിത്രത്തിലൂടെ റോഷ്‌നി ദിനകറും ലൗ 24x 7 എന്ന ചിത്രത്തിലൂടെ ശ്രീബാല കെ മേനോനും സംവിധാന രംഗത്തേയ്ക്ക് ചുവട് വെക്കുകയായിരുന്നു.
ശാലിനി ഉഷ നായർ
മലയാറ്റൂർ രാമകൃഷ്ണൻ്റെ ‘യക്ഷി’ നോവലിനെ അടിസ്ഥാനമാക്കി അകം എന്ന ചിത്രമാണ് ശാലിനി ഉഷ നായർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം.
മാഡ്ഡാഡ് എന്ന ചിത്രം സംവിധാനം ചെയ്തത് രേവതി എസ് വർമയും, മംഗല്യം തന്തുനാനേന എന്ന ചിത്രം സംവിധാനം ചെയ്തത് സൗമ്യ സദാനന്ദനും, മംഗോൾസ്, സ്റ്റാൻഡ്അപ്പ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തത് വിധു വിൻസെന്റായിരുന്നു. തിലോത്തമ എന്ന സിനിമയിലൂടെ പ്രീതു പണിക്കരും സംവിധാന രംഗത്തേയ്ക്ക് ചുവട് വെക്കുകയായിരുന്നു. ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ ആന്തോളജിയിലെ അസംഘിതർ സംവിധാനം ചെയ്തത് കുഞ്ഞില മാസില്ലാമണിയായിരുന്നു. ഇനി മമ്മൂട്ടിയുടെ പുതിയതായി റിലീസാവാനിരിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിൻ്റെ സംവിധായക രെത്തീന പി. ടി യാണ്.
മലയാള സിനിമയിലെ നിർമാണ രംഗത്തെ സ്ത്രീ സാനിധ്യം
1980 – കളിൽ സീമ, കെ. ആർ വിജയ എന്നിവർ ചില സിനിമകളുടെ സഹ നിർമാതാക്കളായിരുന്നു. മലയാള സിനിമ ചരിത്രത്തിലെ ആദ്യ സിനിമ നിർമാതാക്കളിൽ ഒരാളായിരുന്നു ശാന്ത മുരളീധരൻ.
മേനക
ബട്ടർ ഫ്‌ളൈസ്, കുബേരൻ, വിഷ്ണുലോകം, ആറാംത്തമ്പുരാൻ, എന്നീ ചിത്രങ്ങൾ നിർമാണം ചെയ്തത് നടി മേനകായിരുന്നു. കൂടാതെ പൃഥ്വിരാജ് ചിത്രങ്ങളായ മെമ്മറീസ്, റോബിൻഹുഡ്, തേജാഭായ് ആൻഡ് ഫാമിലി അതോടൊപ്പം മമ്മൂട്ടി നായക വേഷത്തിലെത്തിയ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രവും മേനക പ്രൊഡ്യൂസ് ചെയ്തവയാണ്.
ഷെനുഗ, ഷെഗ്ന, ഷെർഗ
ഉയരെ എന്ന പാർവതി ചിത്രം സംവിധാനം ചെയ്തത് മൂന്ന് സഹോദരിമാർ ചേർന്നായിരുന്നു. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ നിർമാണത്തിൽ പിറന്ന ചിത്രമാണ് ഉയരെ.
ജാൻ എ മാൻ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി വാര്യർ നിർമാതാവായി എത്തുന്നത്. മിന്നൽമുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡ്യൂസർ സോഫിയപോളായിരുന്നു.
സുപ്രിയ മേനോൻ
പൃഥ്വിരാജ് പ്രോഡക്ഷൻസ്ൻ്റെ ബാനറിൽ സുപ്രിയ മേനോനും സിനിമകൾ നിർമിക്കുന്നുണ്ട്. കുരുതി, ബ്രോ ഡാഡി, ഡ്രൈവിങ്ങ് ലൈസൻസ്, തുടങ്ങിയ നിരവധി സിനിമകൾ സുപ്രിയ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.
സാന്ദ്രതോമസ്
ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, ആട്, അടി കപ്പിയാരേ കൂട്ടമണി, മങ്കിപേൻ തുടങ്ങിയ സിനിമകളെല്ലാം സാന്ദ്രതോമസ് നിർമാണം ചെയ്ത സിനിമകളാണ്.
റീമ കല്ലിങ്കൽ
പ്രേക്ഷകർക്ക് പരിചിതയായ നിർമാതാവാണ് റീമ കല്ലിങ്കൽ. ഗ്യാങ്ങ് സ്റ്റാർ, മഹേഷിൻ്റെ പ്രതികാരം, മായ നദി , വൈറസ്, നാരദൻ എന്നീ സിനിമകളിലെല്ലാം നിർമാതാവായ താരം തിളങ്ങിയിട്ടുണ്ട്.
നസ്രിയ
വരത്തൻ, കുമ്പളങ്ങി നെറ്റ്‌സ്, ട്രാൻസ് എന്നീ സിനിമകളിലൂടെയാണ് നസ്രിയ നിർമാതാവായി അരങ്ങേറ്റം കുറിക്കുന്നത്.
ചതുർമുഖം, ലളിതം സുന്ദരം എന്നീ സിനിമകളിലൂടെ നിർമാതാവായി മഞ്ജു വാര്യരും എത്തി.
തിരക്കഥാകൃത്തുക്കളായ മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യം
സംവിധാനം എന്നതിന് പുറമേ അഞ്ജലി മേനോനും, ഗീതു മോഹൻദാസും തിരക്കഥ എഴുതുന്ന വ്യകതികൾ കൂടിയാണ്. ഇവർക്കെല്ലാം പുറമേ ദീദി ദാമോദരൻ, മാധ്യമപ്രവർത്തകയായ രാജ് ശ്രീ ബൽറാം എന്നിവരും മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളാണ്.
വസ്ത്രാലങ്കാരത്തിൽ കഴിവ് തെളിയിച്ച മലയാളായ സിനിമയിലെ വനിതകൾ
സമീറ സനീഷ്, സ്റ്റെഫി സേവിയർ, റോഷ്‌നി ദിനകർ, സഖി തോമസ് എന്നിവരാണ് ഈ ലിസ്റ്റിൽ വരുന്നത്.
മലയാള സിനിമ മേഖലയിൽ പ്രവൃത്തിക്കുന്ന ചുരുക്കം ചില സ്ത്രീകളും, അവർ വ്യകതിമുദ്ര പതിപ്പിച്ച മേഖലകളും മാത്രമേ മേലേ പരാമർശിച്ചിട്ടുള്ളു. നിരവധി സ്ത്രീകൾ സിനിമ രാഗത്ത് ഗായികമാരായും, സംഗീത സംവിധായികകമാരായും, സഹ നിർമാതാക്കളായും, ആർട് ഡയറക്റ്റേഴ്സായും, എഡിറ്റേഴ്സായിട്ടുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.