“കാശുകൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെയാകാമായിരുന്നു”… ദുൽഖറിനെ വേദനിപ്പിച്ച ആ കമന്റ്; തുറന്നു പറഞ്ഞ് താരം
1 min read

“കാശുകൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെയാകാമായിരുന്നു”… ദുൽഖറിനെ വേദനിപ്പിച്ച ആ കമന്റ്; തുറന്നു പറഞ്ഞ് താരം

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ദുൽഖർ സൽമാന്റെ ‘ചാർലി’. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പാർവതി മേനോനും അപർണ ഗോപിനാഥുമാണ്. 2015 – ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്. ഫൈൻഡിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവരാണ് ചാർലി നിർമ്മിച്ചത്. റഫീഖ് അഹമ്മദ് വരികളെഴുതി ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. 46 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായഗ്രഹകൻ, മികച്ച തിരക്കഥ, മികച്ച കഥാസംവിധാനം, മികച്ച ശബ്ദമിശ്രണം, തുടങ്ങിയ മേഖലകളിൽ 8 അവാർഡുകളാണ് ചാർലി എന്ന സിനിമ സ്വന്തമാക്കിയത്.

 

ഇപ്പോഴിതാ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്. ചാർലി എന്ന ചിത്രത്തിലെ പ്രകടനത്തിന് 2016 – ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയ സമയത്ത് ദുൽഖറിനെ വേദനിപ്പിച്ച ഒരു കമന്റിനെ കുറിച്ച് പറയുകയാണ് താരം. “ആ സമയത്ത് കണ്ട ഒരു ട്രോൾ ഇപ്പോൾ ഓർക്കുന്നു. ആ അവാർഡ് വിൽക്കുന്നോ, നിങ്ങൾ കൊടുത്തതിലും 500 രൂപ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ടു ഞാൻ തകർന്നു പോയി. അങ്ങനെ എന്തെങ്കിലും ഞാൻ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കാശുകൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആകാമായിരുന്നു. പിന്നീട് മറ്റൊരാൾ ഈ അവാർഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞു. ‘നിനക്ക് നിന്നെ പറ്റി സംശയങ്ങളുണ്ടാകും. ഇതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഈ അവാർഡിന് അർഹനാണെന്ന് നിനക്ക് ചിന്തിക്കാം. പക്ഷേ കിട്ടിയ അവാർഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാൻ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാർഡിൽ സന്തോഷം കണ്ടെത്താതിരിക്കരുത്’.

ആ ചിന്ത എനിക്കിഷ്ടപ്പെട്ടു. അതെനിക്ക് കുറച്ച് സമാധാനം തന്നു”. ദുൽഖർ പറയുന്നു. ഒടുവിൽ പുറത്തുവന്ന ദുൽഖറിന്റെ ചിത്രമാണ് ‘ചുപ്’. ആർ ബാൽകിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതുവരെ ചെയ്തത് നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖറിന്റെ ‘സീതാരാമ’വും 100 കോടിക്കടുത്ത് കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘കിംഗ് ഓഫ് കോത്ത’യാണ് ദുൽക്കറിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം. മോളിവുഡിലെ ബിഗ്ബജറ്റ് ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന സിനിമയാണിത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ.