മോഹൻലാൽ ‘ഇത്തിക്കര പക്കി’ ആകുന്ന ഒരു മുഴുനീള ചിത്രം ഉണ്ടാകുമോ..?? പ്രമുഖ തിരക്കഥാകൃത്ത് പ്രതികരിക്കുന്നു
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് 2018-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ഏകദേശം 45 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം നൂറുകോടി കളക്ഷനുമായി ആണ് ബോക്സ് ഓഫീസ് ക്ലോസ് ചെയ്തത്. നിവിൻ പോളി അടക്കം നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലേറ്റ് ആയത് മോഹൻലാൽ അവതരിപ്പിച്ചാൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമാണ്. ചിത്രം വലിയ വിജയം ആകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് മോഹൻലാലിന്റെ അതിഥി വേഷം ആണെന്ന് നിസ്സംശയം പറയാവുന്നതാണ്. ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും മോഹൻലാലിന്റെ വ്യത്യസ്തമായ വേഷപ്പകർച്ച കൊണ്ടും ഇത്തിക്കരപ്പക്കി എന്ന കഥാപാത്രം ആരാധകരും പ്രേക്ഷകരും നെഞ്ചിലേറ്റി. അന്നുമുതൽ ആരാധകരും സിനിമാ പ്രേമികളും കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്തുകളോടും സംവിധായകനോടും ഇപ്പോഴും ആരായുന്ന ഒരു ചോദ്യമാണ്, എന്നാണ് ഇത്തിക്കരപ്പക്കി മുഴുനീള കഥാപാത്രമാകുന്ന ഒരു ചരിത്രസിനിമ ഉണ്ടാകുന്നതെന്ന്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയത്. ആരാധകരുടെ നിരന്തരമായ ആവശ്യം എന്നോ ചോദ്യം എന്നോ വിശേഷിപ്പിക്കാവുന്ന ‘ഇത്തിക്കര പക്കി’യെക്കുറിച്ച് ഹിറ്റ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് തുറന്നു പറഞ്ഞിരിക്കുകയാണ്.
ഇത്തിക്കര പക്കി എന്ന മുഴുനീള ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് നിരാശ നൽകുന്നതാണ് സഞ്ജയുടെ പുതിയ വെളിപ്പെടുത്തൽ. മോഹൻലാലിനെ നായകനാക്കി ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി കൊണ്ട് ഒരു ചിത്രം ഒരുക്കാൻ ഇപ്പോൾ തങ്ങൾ ആലോചിക്കുന്നില്ല എന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്. മാത്രമല്ല ഇനി ഒരു വലിയ ഇടവേളയ്ക്കു ശേഷം മാത്രമായിരിക്കും ഒരു പീരിയഡ് ചിത്രം തങ്ങൾ ചെയ്യുകയുള്ളൂ എന്ന് സഞ്ജയ് തുറന്നു പറയുകയും ചെയ്തു.ഒരു ഭാവന സൃഷ്ടി എന്ന നിലയിൽ മാത്രമാണ് കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയത്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ കൂടുതൽ വലിച്ചു നീട്ടി കൊണ്ട് ഒരു സിനിമയിൽ ഒരുക്കാൻ എന്തായാലും ഇപ്പോൾ തങ്ങൾ ആലോചിക്കുന്നില്ല എന്നാണ് നമുക്ക് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് വ്യക്തമാക്കുന്നത്.