“താര രാജാക്കന്മാരുടെ ഉപദേശം ഇല്ലെങ്കിലും സാധാരണക്കാർ എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യും” : മമ്മൂട്ടിക്കെതിരെ അനാവശ്യ വിമർശനം ഉന്നയിച്ച് മലയാളിവാർത്ത
കഴിഞ്ഞ ദിവസമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരുമാസം നീണ്ടുനിന്ന വീറിനും വാശിക്കുമൊടുവിലാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് അവസിനിച്ചത്. വോട്ടിംഗ് അവസാനിച്ചതോടെ 70 ശതമാനത്തിന് അടുത്താണ് പോളിംഗ് രേഖപ്പെടുത്തിയത്. കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ പോളിംഗ് ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ 50 ശതമാനത്തിലേറെ പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിവിന് വിപരീതമായി നഗര കേന്ദ്രീകൃത മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരതന്നെ കാണാന്‍ സാധിച്ചു. മൂന്ന് പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. കനത്ത പോളിങ് തന്നെയായിരുന്നു തൃക്കാക്കരയില്‍ കാണാന്‍ സാധിച്ചത്. തൃക്കാക്കര നിരവധി സിനിമാതാരങ്ങള്‍ ഉള്ള മണ്ഡലമായതു കൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്കൊപ്പം നിരവധി സിനിമാ താരങ്ങളും വോട്ടു ചെയ്യാനായി ബൂത്തുകളിലെത്തിയിട്ടുണ്ട്.
ഇതോടെ നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പൊന്നുരുന്നിയിലെ ബൂത്തില്‍ വോട്ട് ചെയ്യാനായെത്തിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വോട്ടേഴ്സ് ലിസ്റ്റില്‍ മുഹമ്മദ് കുട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ പേര്. സീനിയര്‍ സിറ്റിസണ്‍ ആയതിനാല്‍ ക്യൂ നില്‍ക്കാതെ തന്നെ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചു. അതേസമയം, ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനോട് സൗഹൃദം പറഞ്ഞ മമ്മൂട്ടി, തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഞാന്‍ വോട്ടു ചെയ്തിട്ടുണ്ട്, എല്ലാവരും വോട്ടുചെയ്യണം, സമ്മതിദാന അവകാശം വിനിയോഗിക്കണം’. എന്നായിരുന്നു പറഞ്ഞത്.
എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണം എന്ന് പറഞ്ഞ മമ്മൂട്ടിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി വാര്‍ത്ത. അദ്ദേഹം എഴുപത് വയസ്സിനിടയില്‍ എല്ലാ തെരഞ്ഞെടുപ്പിനും കൃത്യമായി വോട്ട് ചെയ്തിട്ടുണ്ടോ, അദ്ദേഹം പറഞ്ഞാല്‍ മാത്രമാണോ കേരളത്തില്‍ ഉള്ളവര്‍ വോട്ട് രേഖപ്പെടുത്തുക തുടങ്ങിയ ചോദ്യങ്ങളാണ് മലയാളി വാര്‍ത്ത എന്ന മാധ്യമം ചോദിക്കുന്നത്. അതുപോലെ താര രാജാക്കന്മാരുടെ ഉപദേശം ഇല്ലെങ്കിലും സാധാരണക്കാര്‍ എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യുന്നവരാണെന്നും, മമ്മൂട്ടി എത്രയോ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാതെ നിന്നിട്ടുണ്ട്, മമ്മൂട്ടിയെ പോലുള്ളവര്‍ പറഞ്ഞിട്ടല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നാണ് മലയാളി വാര്‍ത്ത പറയുന്നത്.
അതേസമയം, സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്, നടന് ജനാര്ദ്ദനന്, രഞ്ജി പണിക്കര്‍, ലാല്‍ തുടങ്ങിയവരും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ‘താന്‍ ഒരു പാര്‍ട്ടിയുടേയും ആളല്ല. വിശ്വാസത്തിന്റേയും ബന്ധങ്ങളുടേയും പുറത്താണ് എന്നും വോട്ട് ചെയ്തിട്ടുള്ളതെന്ന് ലാല്‍ പറഞ്ഞു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പല്ല. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഏറെ നിര്‍ണായകമാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളതെന്ന് രഞ്ജി പണിക്കരും കൂട്ടിച്ചേര്‍ത്തു.