Artist

മമ്മൂക്കയുടെ കൂടെ അരമണിക്കൂർ കാരവാനില്‍ ചിലവഴിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു ആരാധകൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

മലയാളത്തിലും പുറത്തും ഏറെ ആരാധകര്‍ ഉള്ള നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സ്‌നേഹത്തോടെ ആരാധകര്‍ മമ്മൂക്ക എന്നും, ഇക്ക എന്നും വിളിക്കും. വക്കീലായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമ ജീവിതം ഇന്നും സജീവമായി തുടരുകയാണ്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ നിരവധിയാണ്. പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ ചെയ്യാറുള്ളത്. അങ്ങനെ അടുത്തിടെ മമ്മൂട്ടി അഭിനയിച്ച സിനിമയാണ് പുഴു. നവാഗതയായ റത്തീനയാണ് ചിത്രത്തിന്റെ സംവിധായിക. പുഴു എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതുപോലെ ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം, സിബിഐ 5 ദി ബ്രെയ്ന്‍. ഈ മൂന്ന് ചിത്രങ്ങളും പ്രേക്ഷകന്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

സാധാരണക്കാരനായും ചരിത്ര സംഭവങ്ങളിലെ നായകനായും, നാട്ടിന്‍പുറത്തെ സാധാരണക്കാരനായും അദ്ദേഹം അഭിനയത്തിന്റെ മികവ് കാട്ടി. പുതിയൊരു കഥ കേട്ടാല്‍ എക്സൈറ്റഡാവുന്ന, ആ കഥാപാത്രം എങ്ങനെ നന്നാക്കാമെന്ന് ആലോചിക്കുന്ന ഒരാളാണ് മമ്മൂട്ടി. ഏത് കഥാപാത്രമായാലും ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം അതിനെ സമീപിക്കുന്നത്. അതേസമയം, സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും നല്ലൊരു വ്യക്തിയാണ് മമ്മൂട്ടി. കുടുംബത്തിനോടും, സിനിമ രംഗത്തുള്ളവരോടും കരുതലും സ്‌നേഹവുമാണ് അദ്ദേഹത്തിന്. സിനിമാ രംഗത്തുള്ള പലരും വല്യേട്ടനായാണ് അദ്ദേഹത്തെ കാണുന്നത്.

ഇപ്പോഴിതാ മമ്മൂക്കയുടെ ഒരു ആരാധകന്‍ അദ്ദേഹത്തിനെ നേരില്‍ കണ്ട അനുഭവം തുറന്നു പറയുകയാണ്. മമ്മൂക്കയുടെ കൂടെ അര മണിക്കൂര്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് ആരാധകനായ ഷാമോന്‍ സലീം പറയുന്നത്. റോഷാക്ക് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ മമ്മൂട്ടിയെ നേരില്‍ കണ്ടതെന്നും, അദ്ദേഹത്തിന്റെ കൂടെ അരമണിക്കൂര്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ചിലവഴിക്കാന്‍ സാധിച്ചെന്നും ഷാമോന്‍ പറയുന്നു. ഒരു ഡിസൈന്‍ കോപ്പിയുമായാണ് താന്‍ മമ്മൂക്കയെ കാണാന്‍ എത്തിയത്. ഡിസൈന്‍ കോപ്പി വളരെ സൂക്ഷ്മതയോടെ അതിലെ നാനൂറ്റി പതിനാറോളം കഥാപാത്രങ്ങള്‍ അടങ്ങിയ ഓരോ ചിത്രവും നോക്കിക്കൊണ്ടിരിക്കുന്ന മമ്മൂക്കയെ ആണ് കാണാന്‍ കഴിഞ്ഞതെന്നും ഷാമോന്‍ പറയുന്നു. ഡിസൈന്‍ കൊള്ളാമെന്ന് പറഞ്ഞ മമ്മൂക്ക ഞാന്‍ എന്തു ചെയ്യുന്നു എന്ന് ചോദിക്കുകയും, പിന്നീട് തന്റെ വീട്ടിലെ കാര്യങ്ങളെ പറ്റി ചോദിക്കുകയും ചെയ്തു. എന്നാല്‍ ഈ നടന്നത് ഒക്കെ സ്വപ്നം ആണോ യാഥാര്‍ത്ഥ്യം ആണോ എന്ന് അറിയാന്‍ പാടില്ലാത്ത അവസ്ഥ ആയിരുന്നു അപ്പോഴെന്നും ഷാമോന്‍ പറഞ്ഞു.

 

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

റോഷാക്ക് സിനിമയുടെ ലൊക്കേഷൻ…
ജോർജേട്ടൻ പറഞ്ഞ സമയത്തിലും വൈകിയാണ് ലോകേഷനിൽ എത്തി ചേരാൻ കഴിഞ്ഞത്..അപ്പോഴാണ് ജോർജേട്ടൻ്റെ ഒരു കോൾ ‘നിങ്ങൾ എവിടെ ആയി എന്താ താമസിച്ചത് ,മമ്മുക്ക ഫിലിം കോസ്റ്റ്യൂം ധരിക്കാൻ കാരവാനിൽ കയറി ഇന്നിനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല ‘ അപ്പോഴേക്കും ഞങ്ങൾ( Hameedali Punnakkadan )ഓടി പാഞ്ഞ് ലൊകേഷനിൽ എത്തിയിരുന്നു ..കുറച്ച് നേരം കഴിഞ്ഞ് ജോർജേട്ടൻ വന്നു എൻ്റെ കയ്യിൽ ഇരിക്കുന്ന ഡിസൈൻ കോപ്പിയുടെ ഒരു ഷീറ്റ് വാങ്ങി കാരവാനിലേക്ക് പോയി,മമ്മൂക്കയെ കാണിക്കുവാൻ വേണ്ടി ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി, മമ്മുക്ക ഇറങ്ങി വരുന്നതും നോക്കി കാത്തിരിക്കുന്ന ഞങ്ങൾക്ക് ദാ ജോർജേട്ടൻ്റെ ഒരു വിളി കാരവാനിലേക്ക് വരാൻ…പിന്നീട് നടന്നത് സ്വപ്നമാണോ യാഥാർഥ്യം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി…അങ്ങനെ കാരാവാനിലേക്ക് ചെന്നപ്പോൾ ഞാൻ കൊടുത്ത ഡിസൈൻ കോപ്പി വളരെ സൂക്ഷ്മതയോടെ അതിലെ നാനൂറ്റി പതിനാറോളം കഥാപാത്രങ്ങൾ അടങ്ങിയ ഓരോ ചിത്രവും നോക്കിക്കൊണ്ടിരിക്കുന്ന മമ്മൂക്കയെ ആണ് കാണാൻ കഴിഞ്ഞത്… പതുങ്ങിയ ശബ്ദത്തിൽ എന്നോട് മമ്മുക്ക
“ഡിസൈൻ ഒക്കെ കൊള്ളാം കുറച്ച് കൂടെ വലിയ സൈസ് ആക്കില്ലായിരുന്നോ”
ഞാൻ മെല്ലെ ഒന്ന് മൂളി കൊടുത്തു..
പിന്നീട് മമ്മുക്കയുടെ അടുത്ത ചോദ്യം
“നീ എന്ത് ചെയ്യുന്നു ഇപ്പൊൾ”
ഞാൻ പറഞ്ഞു ഞാൻ ഒരു സിവിൽ എൻജിനീയർ ആണ് ഇക്ക.. മമ്മൂക്കയുടെ മറുപടി
“ഒരു ചെറു ചിരിയോടെ ഈ എൻജിനീയർ മാർ എല്ലാവരും കൂടെ നേരെ വരുന്നത് സിനിമ ഫീൽഡിൽ ആണല്ലോ”
ഞാനും ചെറുതായി ഒന്ന് ചിരിച്ചു.. പിന്നിട് മമ്മൂക്കയുടെ അടുത്ത ചോദ്യം
“നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോ”
ഞാൻ മെല്ലെ ചിരിച്ച് കൊണ്ട് പറഞ്ഞു ഇല്ല ഇക്ക എന്ന് 😄..
നേരെ മമ്മുക്ക ഫോണിലേക്ക് നോക്കി എന്തോ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന മമ്മുക്ക, ക്യാമറകളുടെ ലെൻസുകളെ പറ്റി സംസാരിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു …മമ്മുക്ക എൻ്റെ നേർക്ക് നേരെ വീണ്ടും ഒരു ചോദ്യം
“നീ ഫോട്ടോ എടുക്കുമോ”
ഞാൻ പറഞ്ഞു ഫോണിൽ അത്യാവശ്യം എടുക്കും ഇക്ക ,ക്യാമറ ഒന്നും കയ്യിൽ ഇല്ല …
മമ്മൂക്കയുടെ മറുപടി
“മ് ഫോട്ടോഗ്രഫി നല്ലതാണ് “
പിന്നീട് എൻ്റെ വീട്ടിലെ കാര്യങ്ങളെ പറ്റി ആയി ചോദ്യങ്ങൾ …അങ്ങനെ അര മണിക്കൂർ കടന്നു പോയി…പിന്നീട് സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ @ശ്രീനാഥ് ബ്രോയെ വിളിച്ച് വരുത്തി സന്തോഷത്തോടെ ഒരു ഫോട്ടോയും എടുത്ത് ഒരു ഷേക്ക് ഹാൻഡ് തന്നു ഞങ്ങളെ പറഞ്ഞയച്ചു…നടന്നത് സ്വപ്നം ആണോ യാഥാർത്ഥ്യം ആണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയി..മലയാളത്തിൻ്റെ മെഗാസ്റ്റാർ നമ്മുടെ സ്വന്തം മമ്മൂക്കയുടെ കൂടെ അര മണിക്കൂർ അദ്ദേഹത്തിൻ്റെ കാരാവാനിൽ ചിലവഴിക്കാൻ കഴിഞ്ഞത് തന്നെ ഞാൻ ഏറ്റവും വലിയ ഭാഗ്യം ആയി കാണുന്നു..