കുംഭമേളയെ വിമർശിച്ചുകൊണ്ട് നടി പാർവതി രംഗത്ത്
അഭിനേത്രി എന്നതിലുപരി സാമൂഹിക വിഷയങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രശസ്തി അറിയിച്ചിട്ടുള്ള താരമാണ് നടി പാർവതി. താരത്തിന്റെ പല തുറന്നു പറച്ചിലുകളും നിലപാടുകളും ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്ത് നടക്കുന്ന കുംഭമേളയ്ക്കെതിരെ പാർവതി പ്രതിഷേധം രേഖപ്പെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് അതിതീവ്രമായി തന്നെ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിലും കുംഭമേള സംഘടിപ്പിക്കുന്നതിനെയാണ് താരം വിമർശിച്ചത്. വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ തബ്ലീഗി ജമാഅത്തിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ പ്രകടമായിരുന്നു. ആ വേളയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ അർണബ് ഗോസാമി
തബ്ലീഗി ജമാഅത്തിനെതിരെ ക്ഷുഭിതനായി സംസാരിക്കുന്ന ശബ്ദം കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം കൂട്ടിചേർത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പാർവതി പങ്കുവയ്ക്കുകയും ചെയ്തു. ആയിരത്തിലേറെ ആളുകൾക്കാണ് കഴിഞ്ഞദിവസം കുംഭമേളയിൽ വച്ച് വൈറസ് ബാധയേറ്റ്. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം അവലംബിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവണതയാണ് നടി പാർവതി ചോദ്യം ചെയ്യുന്നത്.
ഈ മോശം സാഹചര്യത്തിലും നടത്തുന്ന കുംഭമേളയെ വിമർശിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തകൻ ആന്ഡ്ര ബോജസ് തയ്യാറാക്കിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് നടി പാർവതി പങ്കുവയ്ക്കുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പാർവ്വതിയുടെ ഈ വിമർശനം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാനുള്ള സാധ്യതകളാണുള്ളത്. എന്നാൽ മലയാളത്തിലെ മറ്റൊരു താരവും കാണിക്കാത്ത ഒരു സാഹസ പ്രവർത്തനം തന്നെയാണ് പാർവതി ഈ വിമർശനത്തിലൂടെ നടത്തിയിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ പല നടപടികൾക്കെതിരെയും തന്റെ രൂക്ഷമായ പ്രതികരണം മുൻപും പാർവതി നടത്തിയിട്ടുണ്ട്. പ്രതികരണശേഷി തീരെ കുറവുള്ള സ്ത്രീ സമൂഹത്തിന് പാർവ്വതി എന്നും പ്രചോദനവും മാതൃകയുമാണ്.