‘ഒടിയനി’ലെ ഓർമ്മകൾ പങ്കുവെച്ചു, നടൻ കൈലാഷിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വി.എ ശ്രീകുമാർ
മിഷൻ സി എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത് മുതൽ നടൻ കൈലാഷ് വലിയതോതിലുള്ള സൈബർ ആക്രമണം നേരിടുകയാണ്. താരത്തിന്റെ പരാജയപ്പെട്ട ചിത്രങ്ങൾ മുൻനിർത്തിയാണ് ഒരു കൂട്ടം ആളുകൾ നടൻ കൈലാഷിനെതിരെ ട്രോളുകളും അധിക്ഷേപങ്ങളും നിർമ്മിക്കുകയും പങ്കുവയ്ക്കുകയും ചെയ്തത്. മിഷൻ സിയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ ആണ് സംഭവത്തിൽ വലിയ പ്രതിഷേധം അറിയിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടൻ കൈലാഷിന് വലിയ പിന്തുണയാണ് പ്രമുഖരടക്കമുള്ള നിരവധി നിരവധി ആളുകൾ നൽകിയത്. ഇപ്പോഴിതാ സംവിധായകൻ വി.എ ശ്രീകുമാർ താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കു വച്ചുകൊണ്ടാണ് ശ്രീകുമാർ തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധ നേടിയ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
“പ്രിയപ്പെട്ട കൈലാഷ്,
അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്.
“ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം.
ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ.
കൈലാഷിന് ഐക്യദാർഢ്യം.
ബെസ്റ്റ് ഓഫ് ലക്ക് ടീം മിഷൻ സി.