തണ്ണീർമത്തൻ ദിനങ്ങൾ എന്ന മെഗാഹിറ്റിന് ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ ആയി രസിപ്പിക്കാൻ ഡിനോയ് പൗലോസ്; പ്രതീക്ഷയോടെ പ്രേക്ഷകർ
മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. മാത്യു, അനശ്വര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ സ്കൂൾ പ്രണയകഥ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. സിനിമയിലെ നായകൻ്റെ ജോലിയും കൂലിയുമില്ലാത്ത ചേട്ടൻ കഥാപാത്രത്തേയും ആരാധകർ ഏറ്റെടുത്തതാണ്. ഡിനോയ് പൗലോസാണ് ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത്. പിന്നീടാണ് ഡിനോയ് തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തെന്ന് ആരാധകർ അറിയുന്നത്.
ഉദയ ചന്ദ്രൻ സംവിധാനം ചെയ്ത ബ്ളാക്ക് ടിക്കറ്റ് എന്ന സിനിമയിൽ സഹസംവിധായകനായും അഭിനേതാവായുമായിരുന്നു ഡിനോയ് പൗലോസ് അരങ്ങേറ്റം കുറിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ തന്നെയാണ് ആരാധകർക്ക് സുപരിചിതനായി മാറിയത്. ഇപ്പോഴിതാ ‘പത്രോസിന്റെ പടപ്പുകൾ’ എന്ന പുതിയ ചിത്രത്തിൽ നായക കഥാപാത്രം അവതരിപ്പിക്കുകയാണ് താരം. ഈ സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത് താരം തന്നെ.
ഈ വരുന്ന വെള്ളിയാഴ്ചയാണ് സിനിമ തിയേറ്ററുകളിലൂടെ ആരാധകർക്കു മുന്നിൽ എത്തുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചുരുങ്ങിയ സമയം 23 ലക്ഷത്തിലധികം പ്രേക്ഷകർ ട്രെയിലർ കാണുകയും ചെയ്തു. അതിനു ശേഷം പുറത്തിറങ്ങിയ ‘ഫുൾ ഓൺ ആണേ’ എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറി. വെറും നാലു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് പാട്ട് കണ്ടത്. പത്രോസിനേയും കുടുംബത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ട്രെയിനറുടെ യും പാട്ടുകളുടെയും കമൻ്റ് ബോക്സിൽ നിറയെ ഡിനോയ് പൗലോസിനോടുള്ള സ്നേഹമാണ് ആരാധകർ പ്രകടിപ്പിച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലെ ജോയ്സനെ കാണാൻ ആരാധകർ വീണ്ടും കാത്തിരിക്കുന്നു. കൊച്ചിയിലെ വൈപ്പിൻ ഭാഗത്ത് പൗലോസ് ചിന്നമ്മ പൗലോസ് എന്ന ദമ്പതികളുടെ മകനായിട്ടാണ് ഡിനോയ് പൗലോസ് ജനിക്കുന്നത്. എടവനക്കാട് എച്. ഐ. എച്. എസ്. എസിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ഗവണ്മെന്റ് പോളിടെക്നിക് കളമശ്ശേരിയിൽ നിന്ന് നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം ബിരുദവും താരം പൂർത്തിയാക്കി. തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയും ചെയ്തു.
അവിടെവച്ച് ഒരു സുഹൃത്ത് മുഖേനയാണ് ബ്ലാക്ക് ടിക്കറ്റ് എന്ന സിനിമയിലെത്തിയത്. അങ്ങനെ താരത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്നാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന മെഗാഹിറ്റ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത്. മാത്രമല്ല, ഈ.മ.യൗ, പോരാട്ടം, സുവർണ പുരുഷൻ, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും ഇതിനോടകം ഡിനോയ് അഭിനയിച്ചു. 2002 തന്നെ റിലീസ് ചെയ്യാനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വിശുദ്ധ മെജോ. ഇതിലും ഡിനോയ് പൗലോസ് തന്നെയാണ് തിരക്കഥാകൃത്തും നായകനും.
മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ എഴുത്തുകാരനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് പത്രോസിന്റെ പടപ്പുകൾ. ഡിനോയ് പൗലോസ്, ഷറഫുദ്ധീൻ, നസ്ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
ജയേഷ് മോഹന്‍- ക്യാമറ, ജേക്സ് ബിജോയ്- സംഗീതം, ജാവേദ് ചെമ്പ്- പ്രൊഡക്ഷന്‍ കണ്ട്രോളര്, സംഗീത് പ്രതാപ്- എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷൻ, കല – ആഷിക്. എസ്, വസ്ത്രലങ്കാരം – ശരണ്യ ജീബു, മേക്കപ്പ് – സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി – അതുല്‍ രാമചന്ദ്രന്, സ്റ്റില്‍ – സിബി ചീരന്‍, സൗണ്ട് മിക്സ് – ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ് – എം. ആർ. പ്രൊഫഷണൽ എന്നിവരാണ് നിർവ്വഹിക്കുന്നത്.