”എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ?”; മികച്ച പ്രകടനവുമായി ഉർവ്വശിയും പാർവ്വതിയും, ഉള്ളൊഴുക്ക് ട്രെയ്ലർ പുറത്ത്
ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച, എന്നാൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.
മലയാളത്തിൽ മുൻ നിരയിലുള്ള രണ്ട് കാലഘട്ടത്തിലെ നായികമാർ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ കൗതുകകരമാണ്. ട്രെയ്ലറിൽ ഇരുവരും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ജൂൺ 21ന് ആയിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.
2018-ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന ‘സിനിസ്ഥാൻ ഇന്ത്യ’ തിരക്കഥ മത്സരത്തിൽ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ ‘ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ.