ദേവനന്ദ ആദ്യമായി പിന്നണി ഗായികയാകുന്നു; ’ഗു’വിലെ പുതിയ ഗാനം പുറത്ത്
നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ’ഗു’. ഹൊറർ ജോണറിൽ ഇറങ്ങിയ ഈ സിനിമയിൽ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൊററിൽ തന്നെ അൽപം വ്യത്യസ്തത പിടിച്ച് ഇറങ്ങിയ ഈ ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദേവനന്ദയാണ് ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.
ദേവനന്ദ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി പാടുന്ന ഗാനമായിരിക്കും ഇത്. ‘ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് സംഗീത സംവിധായകൻ ജോനാഥൻ ബ്രൂസ് ആണ്. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ഗാനം ആരംഭിക്കുന്നത് റക്കോർഡിങ്ങ് സ്റ്റുഡിയോയിൽ നിന്നാണ്. ദേവനന്ദയെയും സംഗീത സംവിധായകനെയും വീഡിയോയിൽ കാണാം.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഗു മേയ് 17നാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ എക്കാലത്തും ഏറെ ഫാൻ ഫോളോയിംഗുള്ള ‘അനന്തഭദ്ര’ത്തിന് ശേഷം മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
ബെംഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രധാനകഥാപാത്രമായ മിന്നയെയാണ് ദേവനന്ദ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത്.
സൈജു കുറുപ്പാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ്, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാതോരങ്ങളായ, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ്, ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.