”ബറോസ് 100 കോടിയിലും മീതെ നേടും, മോഹൻലാലിന് തോന്നിയപ്പോൾ അത് സിമ്പിളായി ചെയ്യാൻ പറ്റി”; ലാൽ ജൂനിയർ
1 min read

”ബറോസ് 100 കോടിയിലും മീതെ നേടും, മോഹൻലാലിന് തോന്നിയപ്പോൾ അത് സിമ്പിളായി ചെയ്യാൻ പറ്റി”; ലാൽ ജൂനിയർ

 

പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഉറ്റ് നോക്കുന്ന സിനിമയാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് ബറോസിന്റെ പ്രാധാന്യം വർധിപ്പിക്കാനുള്ള കാരണം. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേ​ക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്.

നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ മകനും യുവ സംവിധായകരിൽ ശ്രദ്ധേയനുമായ ജീൻ പോൾ(ലാൽ ജൂനിയർ) പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. “മോഹൻലാലിന് ബറോസ് ചെയ്യാൻ തോന്നിയപ്പോൾ പുള്ളിയ്ക്ക് അത് സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റി എന്നതാണ് അദ്ദേഹത്തിന്റെ സ്റ്റാർഡം. അത് ഒരു സ്റ്റാർ ആയത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. വേറെ ആർക്കെങ്കിലും ബറോസ് എടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല”, എന്നാണ് ലാൽ ജൂനിയർ പറഞ്ഞത്. ജീൻ പോളിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ മാർച്ച് 28ന് ആയിരുന്നു ബറോസിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇത് മാറുക ആയിരുന്നു. വൈകാതെ തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2019ൽ ആയിരുന്നു ബറോസ് പ്രഖ്യാപിച്ചത് ശേഷം 2021ൽ ഔദ്യോഗികമായി ലോഞ്ചിംഗ് ചെയ്തു. തുടർന്ന് 170ഓളം ദിവസം ബറോസിൻറെ ഷൂട്ടിംഗ് നടന്നിരുന്നു. പൂർണമായും ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ചിത്രത്തിൻറെ അണിയറയിലും മുൻനിരയിലും വിദേശ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. നിലവിൽ തരുൺ മൂർത്തി ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.