മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ
1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം അറിയിച്ചത്. മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പ്ലോട്ട് ‘സൂപ്പർ ഇന്റർസ്റ്റിങ്’ ആണെന്നും താൻ ഏറെ ആവേശത്തിലാണെന്നും അഖിൽ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമായിരിക്കും ഇത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്ന് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.

അതേസമയം മോഹൻലാൽ ഇപ്പോൾ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുകയാണ്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ നടന്ന് കൊണ്ടിരിക്കുകയാണ് ഇപ്പോൾ.