മീ ടൂ വിവാദങ്ങൾക്ക് ശേഷം വീണ്ടും വേടൻ
റാപ്പ് പാട്ടുകൾ കൊണ്ട് മലയാളികൾക്കിടയിൽ പെട്ടെന്ന് പ്രസിദ്ധനായ റാപ്പർ ആണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്.സോഷ്യൽ മീഡിയയിൽ വൈറൽ ആയ വോയ്സ് ഓഫ് വോയ്സ്ലെസ് ആണ് വേടന്റെ ആദ്യത്തെ റാപ്പ് പാട്ട്.ദളിത് രാഷ്ട്രീയം മുൻ നിർത്തി കൊണ്ടാണ് വേടൻ തന്റെ പാട്ടുകൾ ഒരുക്കിയിരുന്നത്.രാഷ്ട്രീയം തന്നെയാണ് വേടനെ മറ്റ് റാപ്പർമാരിൽ നിന്ന് വ്യത്യസ്ഥനാക്കിയിരുന്നത്.
ലോകമാകെ പലരുടേയും മുഖം മൂടിയഴിപ്പിച്ച മീ ടൂ മൂവ്മന്റ് തന്നെയാണ് വേടനും വിനയായത്.വുമൻ എഗയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്സ്മന്റ് എന്ന പേജ് വഴിയാണ് വേടനെതിരെ മീ ടൂ ആരോപണം ഉണ്ടായത്.വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു.എന്നാൽ വേടൻ തന്നെ തന്റെ തെറ്റ് അംഗീകരിച്ച് മാപ്പു പറച്ചിലുമായി മുന്നോട്ട് വന്നതോടെ വേടനെ അനുകൂലിച്ചവരടക്കം പിന്തുണ പിൻവലിച്ചു.നടി പാർവ്വതി തിരുവോത്ത് വേടന്റെ മാപ്പ് പോസ്റ്റിൽ ലൈക്കടിച്ചതും വിവാദമായി മാറി.മുഹസിൻ പരാരി വേടനെ വെച്ച് ചെയ്യാനിരുന്ന മ്യൂസിക് വീഡിയോയിൽ നിന്ന് ഈ മീടൂ വിവാദത്തോടെ പിൻവാങ്ങിയിരുന്നു.
വിവാദങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയയിൽ നിന്നും റാപ്പ് രംഗത്ത് നിന്നും വേടൻ ബ്രേക്ക് എടുത്തിരുന്നു.ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഹിരൺ ഇപ്പോൾ തന്റെ വേടൻ വിത്ത് വേർഡ്സ് ചാനലിലൂടെ തന്റെ പുതിയ റാപ്പ് സോംഗുമായി വന്നിരിക്കുകയാണ്.ബുദ്ധനായി പിറ എന്നാണ് പാട്ടിന്റെ പേര്.വിവാദങ്ങൾ വേടന്റെ പുതിയ ഗാനത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റ് നോക്കുകയാണ് സോഷ്യൽ മീഡിയ.