‘ മലൈക്കോട്ടൈ വാലിബന്’ പേര് കിട്ടിയത് ആ രണ്ട് സിനിമകളില്‍ നിന്ന് ; ലിജോ ജോസ് പറയുന്നു
കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന് എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമായമലൈക്കള്ളന്, ജെമിനി ഗണേശന് നായകനായി 1958 ല്‍ പുറത്തെത്തിയ വഞ്ചിക്കോട്ടൈ വാലിബന് എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന് എന്ന ടൈറ്റില്‍ സൃഷ്ടിച്ചത്. പേര് അങ്ങനെ ഉണ്ടായതാണോ എന്ന ചോദ്യത്തിന് ലിജോയുടെ പ്രതികരണം ഇങ്ങനെ- “തീര്‍ച്ഛയായും. അമര്ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള് കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിംഗ് നിങ്ങള്‍ക്ക് ലഭിക്കും”, ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
അതേസമയം ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂസില്‍ നിന്ന് വ്യത്യസ്തമായി പോസിറ്റീവ് അഭിപ്രായങ്ങളാണ് ഈ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിന്റേത് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവും. മോഹൻലാലിനൊപ്പം അന്യഭാഷകളിൽ നിന്ന് അടക്കം ഒട്ടനവധി താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ. ചമതകനായെത്തിയ ഡാനിഷ് സേത്ത്, അയ്യനാരായ ഹരീഷ് പേരടി, ചിന്നപ്പയ്യനായ മനോജ് മോസസ്, ജമന്ദി ആയി എത്തിയ കഥാ നന്ദി, തേനമ്മയായ സഞ്ജനാ ചന്ദ്രന്, രംഗപട്ടണം രംഗറാണിയായി ത്തിയ സൊനാലി കുല്‍ക്കര്‍ണ്ണി, ആന്‍ഡ്രിയ രവേരയുടെ മെക്കാള മഹാരാജ്, ഡിയാന നസോനോവയുടെ ലേഡീ മെക്കാളെ തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം തിയേറ്ററില്‍ കൈയ്യടി നേടുന്നുണ്ട്.