”ക്രിഞ്ച്, ടോക്സിസിറ്റി, ഡിപ്രസ്സിവ്..! ആനിമൽ മൂവിക്കെതിരെ വിമർശനങ്ങൾ കടുക്കുന്നു”; ഒടിടിയിൽ നിന്ന് നീക്കണമെന്ന് ആവശ്യം
സന്ദീപ് റെഡ്ഡിയുടെ ആനിമൽ എന്ന ചിത്രത്തിനെതിരെ വിമർശനം കടുക്കുന്നു. തന്റെ ആദ്യ ചിത്രം ‘അർജുൻ റെഡ്ഡി’ യുടെ പതിൻമടങ്ങ് സ്ത്രീവിരുദ്ധതയും ടോക്സിസിറ്റിയുമാണ് സന്ദീപ് ആനിമലിൽ കൊണ്ട വന്നിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ കൂടുതലും വിമർശനങ്ങളായിരുന്നു. എന്നാൽ ഇതിനിടയിലും സിനിമ ടെക്നിക്കലി പെർഫക്റ്റ് ആണെന്നും മറ്റും പുകഴ്ത്തുന്നവരുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് അക്കൂട്ടത്തിൽ ഒരാളായിരുന്നു.
അനിമൽ ഞാൻ രണ്ട് തവണ കണ്ടു, ദീർഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം നല്ലതാണെങ്കിലും മോശമാണെങ്കിലും നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു.”- ഇങ്ങനെയായിരുന്നു അനുരാഗ് കശ്യപിന്റെ വാക്കുകൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരമൊരു സ്റ്റേറ്റ്മെന്റിന് ശേഷം അനുരാഗ് കശ്യപിനെതിരെയും നിരവധി വിമർശനങ്ങൾ വന്നിരുന്നു.
തിയേറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമായിരുന്നു ആനിമൽ ഒടിടിയിൽ എത്തിയത്. ഒടിടിയിൽ എത്തിയതോടെ ചിത്രത്തിനെതിരെയുടെ വിമർശനങ്ങൾ ഇരട്ടിക്കുകയാണ് ചെയ്തത്. സിനിമാ പ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുമായെത്തുന്നുണ്ട്. സ്ത്രീകളാണ് വിമർശകരിൽ ഭൂരിപക്ഷവും. കാരണം, അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ സിനിമ എന്നത് തന്നെ.
ടോക്സിസിറ്റിയും വയലൻസും സ്ത്രീ വിരുദ്ധതയും ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ട് തന്നെ ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെന്നാണ് വിമർശകർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സ്ത്രീ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. “ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ, ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന ആശയത്തെയാണ് ഇത് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക.” എന്നാണ് അവർ കുറിച്ചത്.
നടി രാധിക ശരത്കുമാറും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമ കണ്ടിട്ട് ആർക്കെങ്കിലും ക്രിഞ്ച് ആയി അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു പ്രത്യേക സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. വലിയ രീതിയിൽ ദേഷ്യം തോന്നുന്നു.” എന്നാണ് രാധിക ശരത്കുമാർ എക്സിൽ കുറിച്ചത്.
ഇത്രയും ടോക്സിക് ആയ ഒരു സിനിമ സമൂഹത്തെ ഇൻഫ്ലുവൻസ് ചെയ്യില്ലേ എന്ന ചോദ്യങ്ങൾ ഉയർന്നു വരുമ്പോഴും അതിനെ സംബന്ധിച്ച് ഒരു മറുപടി പറയാനോ, വിശദീകരണത്തിനോ സന്ദീപ് റെഡ്ഡി തയ്യാറായിട്ടില്ല. അതേസമയം ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് മുന്നിൽ വെച്ചാണ് ആരാധകർ ഇത്തരം വിമർശനങ്ങളെ നേരിടുന്നത്.