ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ  വാലിബൻ …!!
1 min read

ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ വാലിബൻ …!!

ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻ‌പ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു.

റിലീസിന് നാല് ദിവസം ശേഷിക്കെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് അപൂര്‍വ്വതയാണ് ഇത്. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് ലഭിക്കുന്നതെന്ന് മാത്രമല്ല, മികച്ച ഓപണിംഗ് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുമുണ്ട് വാലിബന്‍. ഒറ്റ ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രം കേരളത്തില്‍ വിറ്റിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നു. ഇതിലൂടെ ഇതിനകം ഉറപ്പിച്ചിട്ടുള്ള ഓപണിംഗ് കളക്ഷന്‍ 1.5 കോടിയാണ്.

അഡ്വാന്‍സ് ബുക്കിംഗിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വാട്ട് ദി ഫസ് എന്ന അക്കൗണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം ഷോ കൗണ്ടും ബുക്കിംഗും എറണാകുളത്താണ്. 217 ഷോകളില്‍ നിന്നായി 22,102 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക.

ഇതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ മികച്ച പ്രീ-സെയിൽ കളക്ഷൻ നേടിയ സിനിമകളിൽ രണ്ടെണ്ണം വിജയ് ചിത്രവും രണ്ടെണ്ണം മോഹൻലാൽ ചിത്രവുമാണ്. ഇ-ടൈംസിന്റെ റിപ്പോർട്ട് ആണിത്. മറ്റൊന്ന് കെജിഎഫ് രണ്ടാം ഭാഗവുമാണ്. ലിയോ(13കോടി അടുപ്പിച്ച്), ബീസ്റ്റ് (6.6 കോടി), ഒടിയൻ(7.2 ), മരക്കാർ(6.6 കോടി), കെജിഎഫ് 2 (7.3 കോടി) എന്നിങ്ങനെയാണ് പ്രീ-സെയിൽ ബിസിനസ് കണക്കുകൾ. ഇക്കൂട്ടത്തിലേക്ക് മലൈക്കോട്ടൈ വാലിബൻ എത്തുമോ അതോ ഇവയിൽ ഏതെങ്കിലും സിനിമയെ മറികടക്കുമോ എന്നത് വരും ദിവസങ്ങൾ അറിയാനാകും.