“അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല,പൊങ്ങച്ചമില്ല” ; പ്രിയപ്പെട്ട ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാൾ. താരപരിവേഷത്തിലും അഭിനയ മികവിന്റെ കാര്യത്തിലുമെല്ലാം ഇന്ത്യയിലെ മറ്റു പല സൂപ്പർ താരങ്ങളേക്കാളും ഏറെ മുന്നിലാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്ന് ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ് . സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ നിരവധി ആരാധകരുണ്ട് മോഹൻലാലിന്. ഒപ്പം അഭിനയിക്കുന്നവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റുന്ന അപൂർവ കഴിവ് മോഹൻലാലിനുണ്ട്.
നിലവില്‍ മലൈക്കോട്ടൈ വാലിബന് എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി പ്രേക്ഷകരെല്ലാം തന്നെ അക്ഷമരായി കാത്തിരിക്കുകയാണ് എന്ന് തന്നെ പറയാം. ഈ അവസരത്തില്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ച നടന് ഹരീഷ് പേരടി കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്. അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമോ ഇല്ലാത്ത ആളാണ് നടനെന്നുമാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
“കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്…മനോഹര മുഹൂർത്തങ്ങളാണ്…അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല..ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല…പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും…പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും…നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന് …മോഹൻലാൽ സാർ…പ്രിയപ്പെട്ട ലാലേട്ടൻ”
അതേസമയം ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നേര് ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജീത്തു ജോസഫ് ആയിരുന്നു സംവിധാനം. റംമ്പാൻ, വൃഷഭ, ബറോസ്, എമ്പുരാൻ തുടങ്ങി ചിത്രങ്ങൾ നടന്റേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്നുണ്ട്.