രോമാഞ്ചത്തിന് ശേഷം വീണ്ടുമൊരു ജിത്തു മാധവൻ ചിത്രം; ആവേശമായി ആവേശം ഫസ്റ്റ് ലുക്ക് പുറത്ത്
തിയേറ്ററിൽ ചിരിച്ച് ചിരിച്ച് പ്രേക്ഷകന്റെ വയറുളിക്കിപ്പോയ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും സഹതാരങ്ങളുമെല്ലാം കൂടി ഒരു ബഹളം തന്നെയായിരുന്നു. അതിന്റെ ഹാങ്ങ്ഓവർ മാറും മുൻപേ തന്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ഹിറ്റ് മേക്കർ ജിത്തു മാധവൻ.
ഫഹദ് ഫാസിൽ നായകനായയെത്തുന്ന ഈ ‘ആവേശം’ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ കൂട്ടാൻ ഇടയുള്ള കാര്യമാണ്.
2024 ഏപ്രിൽ 11ന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ബെംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള കഥയാണ് ആവേശത്തിന്റെ പ്രമേയം. അതേസമയം രോമാഞ്ചം എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആണ് ആവേശം എന്ന് സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. രോമാഞ്ചത്തിന്റെ പശ്ചാത്തലവും ബെംഗളൂരു തന്നെയായിരുന്നു.
സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ആവേശത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. അഖിൽ സത്യന് സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഫഹദിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമ്മന്നൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഫഹദ്, രജനികാന്ത് നായകനാവുന്ന വേട്ടയ്യ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ മികച്ച പ്രകടനം നടത്താൻ ഇരിക്കുന്ന അവസരത്തിലാണ് ആവേശം ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതെന്ന പ്രത്യേകതയുമുണ്ട്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.