പാതിരാത്രിയിൽ കോടതി പ്രവർത്തിക്കുമോ? മോഹൻലാൽ നായകനായെത്തുന്ന ‘നേര്’ സിനിമയുടെ ട്രെയിലറിന് പിന്നാലെ ചർച്ചയായി ആ ഡയലോഗ്!
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘നേര്’ എന്ന സിനിമ ഈ മാസം 21ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ട്രെയിലറിൽ കേൾക്കുന്നൊരു ഡയലോഗ് സിനിമാ ഗ്രൂപ്പുകളിൽ ഉള്‍പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
”കേരളത്തിലൊരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായിട്ടുള്ള സംഭവമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്” എന്നതാണ് ട്രെയിലറിൽ കേൾക്കുന്നൊരു ഡയലോഗ്. ഈ വിഷയത്തെ മുൻനിർത്തിയാണ് സജീവ ചർച്ചകള്‍ സോഷ്യൽമീഡിയയിൽ നടക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ നടന്ന രാത്രി സിറ്റിംഗുകൾ ഏതൊക്കെ കേസുകളിലാണ്, കേരളത്തിൽ ഇത്തരത്തിൽ നടന്നിട്ടുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് പലരും സോഷ്യൽമീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്.
ഏറെ വിവാദമായതോ ചർച്ചയായി മാറിയതോ ആയ കേസുകളിൽ ഒക്കെ അസാധാരണമായ കോടതി നടപടികള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമൻ കേസിലെ സുപ്രീം കോടതിയിലെ അസാധാരണമായ പാതിരാ നടപടികൾ അർദ്ധരാത്രി മുതൽ പുലർച്ചവരെ നീണ്ടിരുന്നത് വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. അതുപോലെ കർണാടക തെരഞ്ഞെടുപ്പ് കേസ്, നിർഭയ കേസ്, നിതാരി കേസ്, ടീസ്ത സെതൽവാദ് കേസ് തുടങ്ങിയ കേസുകളിൽ കോടതിയുടെ രാത്രി സിറ്റിംഗ് വലിയ വാർത്തയായിരുന്നതാണ്.
കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി 2022 ജനുവരി 25ന് രാത്രി 11 മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട കേസിൽ രാത്രി സിറ്റിംഗ് നടത്തിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ നടന്നത്. രാത്രി 11.30 ന് ഓൺലൈൻ സിറ്റിങ്ങിൽ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പൽ തുറമുഖം വിടുന്നത് തടഞ്ഞുകൊണ്ടായിരുന്നു കോടതി ഉത്തരവ് വന്നത്. പുലർച്ചെ കപ്പൽ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്. അമ്പലമുകൾ എഫ്എസിടിയിലേക്ക് സൽഫറുമായി എത്തിയ എം വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി അന്ന് അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിപ്പെട്ടു കൊച്ചിയിലെ ഗ്രേസ് യാങ് ഇന്‍റർനാഷണൽ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചിരുന്നത്.
വിവാദമായ അരിക്കൊമ്പൻ കേസിലും ഇത്തരത്തിൽ കോടതിയുടെ രാത്രി സിറ്റിംഗ് നടന്നിരുന്നു. ഇടുക്കി ചിന്നക്കനാലില്‍ ജനവാസ മേഖലകളില്‍ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി വിലക്കിയത് രാത്രി പ്രത്യേക സിറ്റിങ് നടത്തിയായിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് അന്ന് പുറപ്പെടുവിച്ചിരുന്നത്.
ഏതായാലും ഈ ഒരു വിഷയം സിനിമയിൽ ഉണ്ടെന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള ചർച്ചകൾ സിനിമാപ്രേമികള്‍ തുടങ്ങി കഴിഞ്ഞു. ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എന്നൊക്കെ മുമ്പ് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു അഭിഭാഷക തന്നെയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിട്ടുള്ളത്. ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രം കാഴ്ച് പരിമിതിയുള്ളയാളാണെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മാത്രമല്ല നേര് എന്ന ടൈറ്റിലിൽ തുറന്നുവെച്ച ബ്രെയിലി ലിപിയിൽ ഉള്ള പുസ്തകവും കാണിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മലയാളം മുമ്പ് കാണാത്ത വിധത്തിലുള്ളൊരു കോർട്ട് റൂം ഡ്രാമ തന്നെയാകും നേര് എന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
‘നേര്’ ട്രെയിലർ കാണാം: