‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം’! ഇത് മലയാളം കാത്തിരുന്ന അവതാരപിറവി; തീക്കാറ്റായി ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ
അഭൗമമായൊരു നിശ്ശബ്‍ദതയിൽ തുടക്കം. മെല്ലെ മെല്ലെ ഘനഗാംഭീര്യമാർന്ന ആ ശബ്‍ദം അലയടിച്ചു. ‘കൺ കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം…’ പൊടിമണലിൽ ചുവന്ന ഷാൾ വീശിയെറിഞ്ഞ് അയാൾ കാഴ്ചക്കാരെയെല്ലാം തന്‍റെ മായികവലയത്തിലേക്ക് ആകർഷിച്ചു. നാളുകളേറെയായി ഓരോ ഹൃദയങ്ങളും കാണാൻ കൊതിച്ച അവതാരപിറവി. തീക്കാറ്റായ് സോഷ്യൽമീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ.
പ്രഖ്യാപന സമയം മുതൽ സിനിമാപ്രേക്ഷകർ ഒന്നടങ്കം കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ ടീസറിന് ഉജ്ജ്വല വരവേൽപ്പ് നൽകിയിരിക്കുകയാണ് സിനിമാലോകം. മലയാള സിനിമയുടെ നടപ്പ് സാമ്പ്രദായിക രീതികളിൽ നിന്ന് തെല്ലിട മാറി സിനിമയൊരുക്കുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ വേറിട്ട ടൈറ്റിൽ പോസ്റ്ററും ഒഫീഷ്യൽ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും തരംഗമായതിന് പിന്നാലെ ഇപ്പോൾ ടീസറും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയർത്തിയിരിക്കുകയാണ്.
മോഹൻലാലിന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിലാകെ തരംഗമായി തീർന്നിരിക്കുകയാണ്. പൊടിമണലാരണ്യങ്ങളിൽ അലറുന്ന മുഖവുമായി വൻ വടവും കൈകളിലേന്തി നിൽക്കുന്ന കഥാപാത്രമായാണ് സിനിമയുടെ ഫസ്റ്റ് ലുക്കിൽ മോഹൻലാൽ എത്തിയിരുന്നത്. സിനിമയെക്കുറിച്ച് ഇതിനകം പല അഭ്യൂഹങ്ങളും നിറഞ്ഞുനിൽക്കുന്നതിനാൽ തന്നെ സിനിമാ പ്രേക്ഷകരെല്ലാം ടീസറിനായി ഏറെ ആകാംക്ഷയിലായിരുന്നു. മോഹൻലാലിന്‍റെ മാസ്മരികമായ തമിഴ് സംഭാഷണ ശകലവുമായെത്തിയിരിക്കുന്ന ഏറെ വ്യത്യസ്തമായിരിക്കുന്ന ടീസർ ഏവരും ഇതിനകം ഏറ്റെടുത്തിരിക്കുകയാണ്.
ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായാണ് മോഹൻലാൽ എത്തുന്നതെന്ന വാർത്തയാണ് അഭ്യൂഹങ്ങളിൽ മുന്നിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ഗുസ്തിക്കാരനായിരുന്ന റുസ്തം-ഇ-ഹിന്ദ് എന്നറിയപ്പെടുന്ന ഗാമയുടെ കഥയായിരിക്കും ചിത്രം പറയുന്നതെന്നുമായിരുന്നു സൂചനകള്‍. അതൊക്കെ ഊട്ടിഉറപ്പിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന ടീസർ. ഒക്ടോബർ 25-നായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. 2024 ജനുവരി 25നാണ് സിനിമയുടെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് തന്നെ ഏറെ പുതുമ നിറഞ്ഞതായിരുന്നു. സിനിമയുടെ വേറിട്ട ടൈറ്റിലിൽ ഒളിഞ്ഞിരുന്ന മീശയും ഗുസ്തിയുടെ ശകലങ്ങളും ഫയൽവാനും ഗദയും കാളവണ്ടിക്കാലവും അലറുന്ന സിംഹവുമൊക്കെ സിനിമയെ കുറിച്ചുള്ള ചില നിഗമനങ്ങളിൽ പലരേയും എത്തിച്ചിരുന്നു. 1910 മുതൽ 50 വർഷത്തോളം ‘ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഫയൽവാൻ‘ എന്നറിയപ്പെട്ടിരുന്ന ആ ഗുസ്തിക്കാരൻ തന്നെയായിട്ടാകുമോ ലാൽ എത്തുന്നതെന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഈ വർഷം ജനുവരി പതിനെട്ടിനായിരുന്നു രാജസ്ഥാനിലെ ജയ് സാൽമീറിൽ വാലിബന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിലും ജയ്സാൽമീറിലും അടക്കമായി 75 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂളിന് ശേഷം ചെന്നൈയിലും പോണ്ടിച്ചേരിയിലും അമ്പത് ദിവസത്തോളം രണ്ടാം ഷെഡ്യൂള്‍ പൂർത്തിയായിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന വാലിബൻ്റെ കഥയും സംവിധാനവും ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ പി എഫ് റഫീക്കുമാണ് ഒരുക്കുന്നത്. ‘നായകൻ’ മുതൽ ‘നൻപകൽ നേരത്ത് മയക്കം’ വരെ തന്‍റെ ഓരോ സിനിമയും വിസ്മയമാക്കി മാറ്റുന്ന ലിജോ ‘വാലിബനി’ൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങളും കൗതുകങ്ങളും എന്തൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ് സേഠ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, സഞ്ജന ചന്ദ്രൻ തുടങ്ങി നിരവധിപേരാണ് സിനിമയിൽ അഭിനയിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർടിസ്റ്റുകളും സിനിമയിൽ അണിനിരന്നിട്ടുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ ടിനു പാപ്പച്ചനാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റർ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍, ആർട്ട് ഗോകുൽദാസ്, കോസ്റ്റ്യൂം സുജിത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് വിക്രം മോർ, സുപ്രീം സുന്ദർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോറിയോഗ്രഫി സാമന്ത് വിനിൽ, ഫുലാവ കംകാർ തുടങ്ങിയവരാണ്.
ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം അനൂപിന്‍റെ മാക്സ് ലാബ് സിനിമാസ്, കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ‘ന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ, എംസി ഫിലിപ്പ് ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കള്‍. സാഹിൽ ശർമ്മയാണ് കോ-പ്രൊഡ്യൂസർ. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. അടുത്തിടെ സിനിമയുടെ പ്രചാരണാർത്ഥം ഡിഎൻഎഫ്‍ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) പുറത്തിറക്കിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.