‘വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം’; സൂരജ് സണ്ണിന് പറയാനുള്ളത്
1 min read

‘വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം’; സൂരജ് സണ്ണിന് പറയാനുള്ളത്

അന്തര്‍ദേശീയ വനിതാ ദിനം യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ് എന്ന കാര്യത്തിൽ സംശയമില്ല . സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്. എന്നാൽ വനിതാ ദിനത്തിൽ അത്തരം പോസ്റ്റുകള്‍ക്കു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറുകയാണ് വേണ്ടത് എന്ന് പറയുകയാണ് യുവനടന്‍ സൂരജ് സണ്‍. തന്റെ സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ താരം പങ്കുവച്ച കുറിപ്പിലൂടെയാണ് സൂരജ് സൺ എന്ന സീരിയൽ താരം ഗൌരവമുള്ള ആശയം മുന്നോട്ടുവെക്കുന്നത്.

“ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാർ സ്വന്തം വീട്ടിലെ വനിതകളെ ഇന്ന് അടുക്കളയിൽ കയറ്റാതെ അവർക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുത്ത് മാതൃകയാകുക. ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്”, എന്നാണ് സൂരജ് സൺ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ വലിയ ചര്‍ച്ചയാണ് ഇതിനോടകം നടക്കുന്നത്. കൂടുതലും സ്ത്രീകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത് സൂരജിന്റെ ആശയം കൊള്ളാമെങ്കിലും ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്നാണ് കൂടുതൽ സ്ത്രീകളും പോസ്റ്റിനു താഴെ കമന്‍റ് ചെയ്യുന്നത്.  

“വലിയ ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കുന്നത് കൂടുതൽ ആണുങ്ങളാണ് എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഈ ചെറിയ വീടുകളിലെ അടുക്കളയിൽ പണിയെടുക്കാൻ അവർക്ക് എന്താണ് മടി? പൊതുവേ ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അവിടെ ആന കരിമ്പിൻ തോട്ടത്തിൽ കയറിയത് പോലെയാണ് എന്ന് പറയാറുണ്ട് . അതു കൊണ്ടായിരിക്കും അടുക്കള വാതിൽ എപ്പോഴും പുരുഷന്റെ മുന്നിൽ അടഞ്ഞു കിടക്കുന്നത്. ആ ഒരു കാരണം കൊണ്ട് മാത്രം അടുക്കള പണി എടുക്കാതെ ജീവിക്കുന്ന മഹാ ഭാഗ്യം ചെയ്ത കുറെ പുരുഷന്മാർ”, എന്നാണ് കമന്‍റ് ബോക്സില്‍ സൂരജ് കുറിച്ചത്. താന്‍ ചെമ്മീന്‍ റോസ്റ്റ് പാചകം ചെയ്യുന്ന ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെയാണ് സൂരജ് സൺ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രത്തിൽ നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് നിലവില്‍ സൂരജ് സൺ .