ഇതിഹാസ കഥാപാത്രം ശകുനി ആകാൻ മോഹൻലാൽ, സംവിധാനം മേജർ രവി?? പ്രശസ്ത നോവലിസ്റ്റ് വെളിപ്പെടുത്തുന്നു
നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരൻ പുതിയ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നത്. പൗരാണികമായ ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറാകും എന്ന് വലിയ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സുനിൽ പരമേശ്വരൻ രചിച്ച പൗരാണിക നോവൽ പന്ത്രണ്ടാം പകിട ഞാൻ ശകുനി വായിച്ചതിനുശേഷം സംവിധായകൻ മേജർ രവി തന്നെ ഫോണിൽ വിളിക്കുകയും നോവൽ ഒരു സിനിമയാക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുകയും ചെയ്തു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അങ്ങനെ ഒരു സിനിമ സംഭവിക്കുകയാണെങ്കിൽ സാക്ഷാൽ ശകുനി ആകുക മോഹൻലാൽ ആയിരിക്കുമെന്ന് ഇരുവരുടെയും സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് മേജർ രവിയുടെ ഭാഗത്തുനിന്നുള്ള ഒരു വിശദീകരണത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ട രണ്ടാമൂഴം പാതിവഴിയിൽ മുടങ്ങി പോയതോടെ നിരാശരായ ആരാധകർക്കും സിനിമാ പ്രേമികൾക്കും ശകുനി എന്ന ഇതിഹാസ കഥാപാത്രമായി മോഹൻലാൽ എത്തുകയാണെങ്കിൽ വലിയൊരു ആവേശവും ആശ്വാസവും ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
സുനിൽ പരമേശ്വരൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “എന്നും എന്നെ എടാ എന്ന് വിളിച്ച് സ്നേഹത്തോട് ചേർത്ത് പിടിക്കുന്ന മേജർ രവി എന്നെ വിളിച്ചു എടാ മോനെ നിന്റെ ശകുനി ഞാൻ സിനിമയാക്കും. അത് ചരിത്രമാകും. എന്തൊരു എഴുത്താടാ ഇത്: ശകുനി എന്ന കഥാപാത്രം ആർക്ക് ചെയ്യാൻ കഴിയും. പ്രണയവും,ദുഃഖവും,അടങ്ങാത്ത പകയും കൊണ്ട് ഒരു കൊടും യുദ്ധത്തിന് കാരണക്കാരനായ ശകുനിയെ ആര് ചെയ്യും. എനിക്ക് മറുപടിക്ക് ചിന്തിക്കെണ്ടി വന്നില്ല. “എന്റെ ലാലു ചേട്ടൻ എന്ന മോഹൻലാൽ. മുന്നുറോളം പേജിലും നിറഞ്ഞാടുന്ന അനശ്വര കഥാപാത്രം. നായകനും വില്ലനും ഒരേ സമയം ഭാവാഭിനയം കൊണ്ട് ഉജ്ജലമാക്കാൻ കഴിയുന്ന മറ്റൊരു മഹാനടൻ ആര്… ദൈവം കനിഞ്ഞു മലയാളി ലോകത്തിന് നൽകിയ മഹാനടനവിസ്മയം. കാണുമ്പോൾ സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ലാലു ചേട്ടന്റെ അടുത്തേക്ക് പോയീ ശകുനി നേരിട്ടു കൊടുക്കണം… അങ്ങനെ ഒരാഗ്രഹം നിറഞ്ഞു നിൽക്കുന്നു. ആഗ്രഹിച്ചതെല്ലാം എനിക്ക് നൽകുന്ന എന്റെ ഉപാസന മൂർത്തി ഉഗ്രപ്രത്യംഗിര ദേവിക്ക് സമർപ്പിക്കുന്നു …എല്ലാം. എല്ലാം.”