“നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്”; കേരള സർക്കാരിന് മുന്നറിയിപ്പുമായി മുരളി ഗോപി
മലയാള സിനിമ രംഗത്ത് എന്നത് പോലെ തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയ്ക്ക് അച്ഛൻറെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവരുവാനും തന്റേതായ സ്ഥാനം ഉറപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മുരളി ഗോപി ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുകയും പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുകയും ചെയ്തു.ചാഞ്ഞകൊമ്പിലെ എന്ന ഇതിലെ ഒരു ഗാനവും താരം ആലപിക്കുക ഉണ്ടായി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ചെറുകഥകളുടെ സമാഹാരം രസികൻ സോദനൈ എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
2019ൽ സിനിമ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പുറത്തിറങ്ങിയ ചിത്രമായ ലൂസിഫർ എന്ന ചിത്രത്തിൻറെ തിരക്കഥ രചിച്ചതും മുരളി ഗോപി ആയിരുന്നു. റെക്കോർഡുകൾ തകർത്തെറിഞ്ഞു മുന്നേറിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് എന്ന സംവിധായകൻറെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഈ ചിത്രം. ലൂസിഫറിൽ പറഞ്ഞിരിക്കുന്നത് എല്ലാം കെട്ടുകകളല്ലെന്നും താൻ നിരീക്ഷിച്ചു കണ്ടെത്തിയ സത്യങ്ങൾ ആണെന്നും മുരളി ഗോപി പറഞ്ഞിരുന്നു. രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ടിംഗ് നൽകുന്ന ഗൂഢശക്തികളെക്കുറിച്ചും രാഷ്ട്രീയത്തിന്റെ പിന്നിലെ കളികളെ കുറിച്ചും ഒക്കെയായിരുന്നു ചിത്രം തുറന്നു പറഞ്ഞിരുന്നത്. ലഹരി എന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പു കൂടിയായിരുന്നു ലൂസിഫർ എന്ന ചിത്രം പറഞ്ഞത്.
ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രമായിരുന്നു ലൂസിഫറിൻ്റെ രഹസ്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആ കഥാപാത്രം ഒരു പരിധിവരെ താൻ തന്നെയായിരുന്നു എന്ന് മുരളി ഗോപി വ്യക്തമാക്കിയിരുന്നു. “ലൂസിഫറിലെ ഗോവർദ്ധൻ എന്ന കഥാപാത്രം ഒരു പരിധിവരെ ഞാൻ തന്നെയാണ്. ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും അവർ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിൻപറ്റി ജീവിക്കാതിരിക്കണം” എന്നായിരുന്നു അന്ന് മുരളി ഗോപി പറഞ്ഞത്. ഇപ്പോൾ ഇത് സത്യം എന്ന് പറയും വണ്ണം സംസ്ഥാന സർക്കാരിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. സംസ്ഥാന ബഡ്ജറ്റിൽ മദ്യവിലെ വീണ്ടും കൂട്ടിയതിന് പിന്നാലെ വിലവർധനവിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നതിനിടയാണ് ഈ നയത്തെ വിമർശിച്ച് നടനും സംവിധായകനുമായ മുരളി ഗോപി രംഗത്തെത്തിയിരിക്കുന്നത്.
“മദ്യവില താങ്ങാനാവാത്ത വിധം ഉയർത്തി സാധാരണക്കാരന് അപ്രാപ്യമാക്കുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ പിശാചായ മയക്കുമരുന്നുമായാണ്” എന്നായിരുന്നു മുരളി ഗോപി തൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. യുവാക്കളിൽ മയക്കുമരുന്നിന്റെ ഉപയോഗം അടുത്തിടെ വർദ്ധിച്ചിട്ടുണ്ട് എന്നും സംസ്ഥാന സർക്കാർ മയക്കുമരുന്നിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ വരുന്നുമുണ്ട്. ലഹരിക്കായി സാധാരണക്കാരൻ ആശ്രയിക്കുന്നത് മദ്യത്തിലാണ്. ലൂസിഫർ എന്ന തൻറെ സിനിമയിൽ പ്രതിപാദിച്ച ലഹരി മരുന്നിന്റെ വിപത്ത് ഇത്രവേഗം ഒരു ജനതയുടെ മുകളിലേക്ക് പതിക്കുമെന്ന് കരുതിയില്ലെന്ന് മുരളി ഗോപി വ്യക്തമാക്കുകയുണ്ടായി.