‘എംടിയുടെ ആ തിരക്കഥ സിനിമയായപ്പോൾ നിരാശ തോന്നി, വീണ്ടും എനിക്ക് ആ ചിത്രം സംവിധാനം ചെയ്യണമെന്നുണ്ട്’ പ്രിയദർശൻ പറയുന്നു
മലയാള സിനിമയിൽ നിന്നും തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ ചലച്ചിത്രകാരനാണ് പ്രിയദർശൻ. സിനിമാ ജീവിതത്തിലെ തുടക്കം മുതൽ തനിക്ക് ഒരു ഗോഡ്ഫാദർ ഇല്ല എന്ന് പ്രിയദർശൻ പലകുറി പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിരിക്കുകയാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ ഒരു തിരക്കഥ വായിച്ചപ്പോഴാണ് തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്ന് പ്രിയദർശൻ പറയുന്നു.എന്നാൽ മറ്റൊരാൾ സംവിധാനം ചെയ്ത ആ ചിത്രം പിന്നീട് കണ്ടപ്പോൾ തനിക്ക് വലിയ നിരാശ തോന്നി പോയിട്ടുണ്ടെന്നും പ്രിയദർശൻ തുറന്നു പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എംടി വാസുദേവൻ നായർ എഴുതിയ ഓളവും തീരവും എന്ന തിരക്കഥ 1969ൽ സംവിധാനം ചെയ്തത് പി.എൻ മേനോൻ ആണ്. മധു,ജോസ് പ്രകാശ്, ഉഷാ നന്ദിനി തുടങ്ങി നിരവധി കലാകാരന്മാർ അണിനിരന്ന ഈ ചിത്രത്തിന് പൂർണമായും സ്റ്റുഡിയോയ്ക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയുണ്ട്. എന്നാൽ തിരക്കഥ വായിച്ച ഒരു സംവിധായകൻ ആകണം എന്ന് തന്നെ തോന്നിപ്പോയ പ്രിയദർശൻ ഈ ചിത്രം കണ്ടപ്പോൾ താൻ സങ്കൽപ്പിച്ചതിനെ കുറിച്ച് ഓർത്ത് നിരാശ തോന്നി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
ഓളവും തീരവും എന്ന സിനിമയുടെ തിരക്കഥ വായിച്ചപ്പോഴാണ് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് താൻ തീരുമാനിച്ചതെന്ന് പ്രിയദർശൻ പറയുന്നു. കാരണം അത്രയ്ക്കും നല്ല തിരക്കഥയായിരുന്നു എംടി എഴുതിയിരുന്നത്. പക്ഷേ മനസ്സിൽ ചിത്രത്തേക്കുറിച്ച് കുറേ ആലോചിച്ചതിനു ശേഷമാണ് സിനിമ കണ്ടതെന്നും എന്നാൽ ശരിക്കും നിരാശയാണ് തോന്നിയതെന്നും താൻ മനസ്സിൽ സങ്കൽപ്പിച്ചതിന്റെ അടുത്തുപോലും എത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞില്ല എന്നുമാണ് പ്രിയദർശൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പി.എൻ മേനോൻ എന്ന സംവിധായകൻ അന്ന് ആ ചിത്രം ചെയ്തത് ഒരു അത്ഭുതം തന്നെയാണെന്നും പക്ഷേ ഇന്ന് തനിക്ക് ആ തിരക്കഥ വീണ്ടും ഒന്ന് ചെയ്താൽ കൊള്ളാമെന്നുണ്ടെന്നും പ്രിയദർശൻ പറയുന്നു.അത് ഒരു മാസ്റ്റർ സ്ക്രിപ്റ്റ് തന്നെയാണതെന്നും വായിക്കുമ്പോൾ ഓരോ രംഗവും മിഴിവോടെ നമ്മുടെ മുന്നിൽ നിൽക്കുമെന്നും പ്രിയദർശൻ പറയുന്നു.