ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ പിടിച്ചടക്കുവാൻ മോഹൻലാൽ; എലോൺ ജനുവരി 26ന്
തിരനോട്ടം എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനവും കഴിവും തെളിയിച്ച അതുല്യ പ്രതിഭയാണ് മോഹൻലാൽ. ഒരു ഹാസ്യ കഥാപാത്രത്തെ ആയിരുന്നു തിരനോട്ടത്തിൽ ലാൽ അവതരിപ്പിച്ചിരുന്നത്. എങ്കിൽ കൂടിയും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ മോഹൻലാൽ അഭിനയിച്ച് പ്രദർശനത്തിനെത്തിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ലാലിന് അന്ന് സാധിച്ചു. ശങ്കർ ആയിരുന്നു മോഹൻലാലിൻറെ ആദ്യ ചിത്രത്തിലെ നായക വേഷത്തെ അവതരിപ്പിച്ചത്.
ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങളാണ് മോഹൻലാലിനെ തേടിയെത്തിയത്. 1983ല് 25ലധികം ചിത്രങ്ങളിൽ ലാൽ അഭിനയിക്കുകയുണ്ടായി. നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എൻറെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടുകയും ആ കാലഘട്ടത്തിൽ മോഹൻലാലിൻറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഐവി സംവിധാനം നിർവഹിച്ചു വാസുദേവൻ തിരക്കഥ എഴുതിയ ഉയരങ്ങൾ എന്ന ചിത്രവും അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു. പ്രതിനായക വേഷം എന്നതിൽ നിന്ന് നായക വേഷത്തിലേക്ക് മാറിയ ലാൽ പിന്നീട് കാമ്പുള്ളതും ഹാസ്യം കലർന്നതുമായ നായക വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി.
ഇത്തരം ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്ത് ലാലിനെ പ്രശസ്തനാക്കിയത് ലാലിൻറെ തന്നെ സുഹൃത്തായ പ്രിയദർശൻ ആയിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങൾ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. പ്രിയദർശൻ കഥയും തിരക്കഥയും നിർവഹിച്ച എം മണി സംവിധാനം ചെയ്ത 1983ല് പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ലാൽ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. 80കളിൽ തന്റെ ആദ്യചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനേതാവ് എന്ന പദവിയും നായക പദവിയും താരത്തിന് ലഭിച്ചു.
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുമ്പോൾ ഈ കാലഘട്ടം മോഹൻലാലിന്റെയും കരിയറിലെ തന്നെ മികച്ച കാലഘട്ടങ്ങളിൽ ഒന്നായ വിലയിരുത്തപ്പെടുന്നത്. നല്ല തിരക്കഥയും സംവിധാനവും അഭിനയവും കൂടിച്ചേർന്ന ഒരുപാട് ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ പിറവിയെടുത്തു. അതേസമയം തന്നെ മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചിത്രങ്ങളും പുറത്തിറങ്ങി. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ ലാലിന് സാധിക്കുകയും ചെയ്തു. വർഷങ്ങളുടെ പരിചയ സമ്പത്തും അഭിനയത്തിലെ അതുല്യ മികവും പ്രകടിപ്പിച്ച മോഹൻലാലിൻറെ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോണ്.
പേര് പോലെ തന്നെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജുവാര്യർ എന്നിവരും എത്തുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് എലോൺ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.