ബാഹുബലിയേക്കാൾ വലിയ ചിത്രമാണോ മരയ്ക്കാർ?? ചിത്രം ബോക്സ് ഓഫീസിൽ കത്തിപ്പടരുമെന്ന് പ്രിയദർശൻ പറയുന്നു
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയുടെ എന്നതിനപ്പുറം ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്രയായി മാറാൻ സാധ്യതയുള്ള ചിത്രം എന്ന നിലയിൽ വരെ മരയ്ക്കാർ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് മഹാമാരി തീർത്തവലിയ നിയന്ത്രണങ്ങളിൽ മരക്കാർ വലിയ റിലീസ് പ്രതിസന്ധിയാണ് നാളിതുവരെയായി നേരിട്ടുകൊണ്ടിരിക്കുന്നത്. പലതവണ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം പ്രായോഗികം ആകാതെ പോവുകയാണ് ചെയ്തത്. ഈ വർഷം ഓഗസ്റ്റ് മാസം റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ തന്നെ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. പ്രിയദർശൻ പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിലാണ് മരക്കാറിന്റെ റിലീസ് വിശേഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയേക്കാൾ വലിയ സ്കെയിലിലാണ് മരയ്ക്കാർ ഒരുങ്ങുന്നതെന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. മരയ്ക്കാർ യഥാർത്ഥ ചരിത്രം ആണെന്നും സിനിമ തീയേറ്ററിൽ മികച്ച വിജയം നേടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു, കൂടാതെ മകൻ സിദ്ധാർത്ഥനും എനിക്കും പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അതെനിക്ക് വളരെ അഭിമാനം നൽകുന്ന നിമിഷം തന്നെയാണെന്നും പ്രിയദർശൻ പറഞ്ഞു. ഏകദേശം ഒന്നര വർഷത്തോളമായി തങ്ങൾ ഈ ചിത്രം ഹോൾഡ് ചെയ്തശേഷമാണ് ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത് എന്നും മരയ്ക്കാർ ബോക്സ് ഓഫീസിൽ കത്തിപ്പടരും എന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ഇന്ത്യയിലെ തന്നെ എല്ലാ പ്രധാന വാണിജ്യ ഭാഷകളിലും റിലീസ് ചെയ്യാനൊരുങ്ങുന്ന മരയ്ക്കാറിനുവേണ്ടി ആരാധകരും സിനിമാ പ്രേമികളും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.എന്നാൽ ഇപ്പോഴും ഒരു വ്യക്തതയില്ലാത്ത തന്നെയാണ് കോവിഡ് എന്ന മഹാമാരി ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നത്. അക്കാരണത്താൽ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് ചെറിയ ഒരു ആശങ്കയും നിലനിൽക്കുന്നുണ്ട്.