“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്
മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സജീവമാവുകയാണ്. അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണെന്ന വാർത്ത മലയാള പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ശ്രീനിവാസന്റെ തിരിച്ചുവരവ് മകൻ വിനീത് ശ്രീനിവാസനൊപ്പമാണ്. മനോജ് റാം സിംഗിന്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലാണ് ശ്രീനിവാസനും മകനും അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മലയാളത്തിൽ നിരവധി ഫീൽ ഗുഡ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള കോമ്പോ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ‘ടി പി ബാലഗോപാലൻ എം എ’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേൽപ്പ്’ എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായതാണ്. ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘കുറുക്കൻ’ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി ശ്രീനിവാസനെ കണ്ടതിനുശേഷം ശ്രീനി പഴയ ശ്രീനിയായി എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. കുറുപ്പിനൊപ്പം സെറ്റിൽ നിന്ന് എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ കുറുപ്പ് വായിക്കാം.
മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു- “ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.” ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു, “ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.