ശാലിനി ഇന്‍സ്റ്റഗ്രാമില്‍, പ്രിയതമനൊപ്പം ആദ്യ ചിത്രം; ആവേശത്തോടെ വരവേറ്റ് ആരാധകര്‍
1 min read

ശാലിനി ഇന്‍സ്റ്റഗ്രാമില്‍, പ്രിയതമനൊപ്പം ആദ്യ ചിത്രം; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

വിവാഹത്തിന് ശേഷം സിനിമാരംഗത്ത് നിന്നും വിട്ടുന്നിന്നെങ്കിലും ശാലിനി എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ താരമായിരുന്നുശാലിനി. ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, കുഞ്ചാക്കോ ബോബന്‍ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ മിനിയേയും, നിറത്തിലെ സോനയേയും മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാവില്ല.

പിന്നീട് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച ശാലിനി, തമിഴ് ചലച്ചിത്ര നടന്‍ അജിത്തുമായി വിവാഹിതയായി. വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. അഭിനയ ജീവിതത്തില്‍ നിന്നും കുടുംബജീവിതത്തിലേക്ക് പോയ ശാലിനി രണ്ടു മക്കളുടെ അമ്മയാണ്.

സോഷ്യല്‍ മീഡിയയില്‍ പോലും ശാലിനി അത്ര സജീവമല്ലാതായിരുന്നു. എന്നാല്‍ അനുജത്തി ശ്യാമിലി അപ്പോഴും ചേച്ചിയുടെയും മക്കളുടെയും ചിത്രങ്ങളുമായി എപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നു കഴിഞ്ഞിരിക്കുകയാണ്. ശാലിനിയുടെ ആരാധകരെ സംബന്ധിച്ച് സന്തോഷം തരുന്ന വാര്‍ത്തതന്നെയാണിത്. ആകെ രണ്ടു ചിത്രങ്ങളാണ് ശാലിനി പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ടിലും ഭര്‍ത്താവ് തല അജിത്തിനൊപ്പമാണ് ശാലിനി. മുകളില്‍ കണ്ട ചിത്രങ്ങളാണ് അവ. ഇതില്‍ ഒരെണ്ണം കുടുംബവുമായി ചേര്‍ന്ന് നടത്തിയ ജന്മദിനാഘോഷങ്ങളില്‍ നിന്നുമാണെന്നു പറയപ്പെടുന്നു.

ശാലിനിയും അജിത്തും വ്യക്തി ജീവിതം തീര്‍ത്തും സ്വകാര്യമായി സൂക്ഷിക്കുന്നവരാണ്. മാധ്യമങ്ങളിലും മറ്റും അജിത്ത് ശാലിനിയെ ഒന്നും പറയാറില്ല. കഴിവതും മീഡിയയുടെ മുന്നില്‍ നിന്നും അകന്നു കഴിയുന്നവരാണിവര്‍. സിനിമ വിട്ടിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും, ശാലിനിയുടെ ആരാധകരുടെ കാര്യത്തില്‍ തീര്‍ത്തും കുറവില്ല എന്നതിന് തെളിവാണ് താരത്തിന്റെ അക്കൗണ്ടിലെ പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍. shaliniajithkumar2022 എന്ന പേരിലുള്ള അക്കൗണ്ടില്‍ ഇതുവരെ ഒരുലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്.