ലക്കി സിങ്ങായി മോഹന്‍ലാല്‍ തകര്‍ത്താടിയ ‘മോണ്‍സ്റ്റര്‍’ ; ഇനി ഒടിടിയില്‍ കാണാം
മലയാളത്തിന്റെ കൊമേര്‍ഷ്യല്‍ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്ത്, ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണം ആയിരുന്നു നേടിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ തകര്‍ത്താടി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. തിയറ്ററില്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് മോണ്‍സ്റ്റര്‍ ഒടിടിയിലേക്ക് എത്തുന്നത്.
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റെണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്, ഹണി റോസ്, ലഷ്മി മഞ്ജു, സാസ്വികാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹന്‍ലാലിനൊപ്പം കട്ടക്ക് പിടിച്ചു നില്ക്കാന് ഹണി റോസും ഒപ്പം കൂടി. ഹണിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ചിത്രത്തിലെ ഭാമിനി മാറി. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ‘മല്ലൂസിംഗ്’ എന്ന ചിത്രമായിരുന്നു. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനയ്ക്കല്‍, സംഘട്ടനം- സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്, സ്റ്റില്‍സ്- ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ്- അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നായ ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്ന എലോണ്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ – ഷാജി കൈലാസ് എന്ന ഹിറ്റ് കൂട്ടുകെട്ടിനൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചേരുന്നതോടെ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും എലോണിലൂടെ വീണ്ടും ഒന്നിക്കുന്നത്. രാജേഷ് ജയറാം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.