പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ; ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്
1 min read

പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ; ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്

മീപകാല മലയാള സിനിമയില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിച്ച് തിയേറ്ററില്‍ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറി. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് റോഷാക്ക്.

മമ്മൂട്ടി കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ‘പ്രതികാരം അണ്‍ലിമിറ്റഡ്’ എന്ന് കുറിച്ചു കൊണ്ടുള്ള ഒരു പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നിരവധിപേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം റോഷാക്കിന്റെ ലൊക്കേഷന്‍ വീഡിയോകളും സ്റ്റില്‍സുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റോഷാക്ക് ഒക്ടോബര്‍ 7നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി നേടിയ ചിത്രത്തിന്റെ ഇതേ കാലയളവില്‍ ആഗോള ഗ്രോസ് 20 കോടിയാണ്.

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഡാര്‍ക് ത്രില്ലര്‍ പശ്ചാത്തലമുള്ള ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ആസിഫ് അലി, സഞ്ജു ശിവ്‌റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.