‘വയ്യാതെ കിടക്കുമ്പോള്‍ അന്‍പതിനായിരം രൂപ മമ്മൂട്ടി സര് തന്നു’ ; മമ്മൂട്ടി തന്നെ സഹായിച്ചതിനെക്കുറിച്ച് മോളി കണ്ണമാലി
ചാള മേരി എന്ന സീരിയല്‍ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മോളി ജോസഫ് കണ്ണമാലി. പിന്നീട് താരം സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി അഭിനയിച്ചത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ മോളി കണ്ണമാലി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നടി ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചവിട്ടു നാടക കലാകാരി കൂടിയാണ് മോളി കണ്ണമാലി. ചാര്‍ലി, യൂ ടൂ ബ്രൂട്ടസ്, ഷെര്‍ലക് ടോംസ്, ധമാക്ക, ഇടി തുടങ്ങിയ സിനിമകളില്‍ പിന്നീട് മോളി കണ്ണമാലി വേഷമിട്ടു. ആദ്യമായി ഇംഗ്ലീഷ് സിനിമയിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ താരം. ഓസ്ട്രേലിയന്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ആയ ജോയ് കെ മാത്യു ഒരുക്കുന്ന ടുമോറോ എന്ന സിനിമയിലാണ് മോളി കണ്ണമാലി അഭിനയിക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയെക്കുറിച്ച് മോളി കണ്ണമാലി സംസാരിച്ചിരിക്കുന്നത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പേ തന്നെ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നു താനെന്നും എനിക്ക് വയ്യാതെ കിടക്കുമ്പോള്‍ മമ്മൂട്ടി സര് പറഞ്ഞ് വിട്ടത് പ്രകാരം ആന്റോ ജോസഫ് എനിക്ക് അന്‍പതിനായിരം രൂപ കൊണ്ടു തന്നിരുന്നുവെന്നും മോളി കണ്ണമാലി പറയുന്നു. ‘സിനിമയിലേക്ക് വരുന്നതിന് മുന്നേ ആരോഗ്യപരമായി മോശം അവസ്ഥയിലായിരുന്നു. ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് കരകയറി സിനിമയിലെത്തി. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കെ ആദ്യത്തെ അറ്റാക്ക് വന്നു. രണ്ടാമത്തെ അറ്റാക്കും വൈകാതെ തന്നേ തേടിയെത്തി. സ്റ്റേജ് ഷോക്കിടയില്‍ വെച്ചായിരുന്നു അറ്റാക്ക് വന്നത്. അവിടന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതോടെ വന്‍ കടത്തില്‍ അകപ്പെട്ടു.’ മോളി പറയുന്നു.
അങ്ങനെ വയ്യാതെ കിടക്കുമ്പോള്‍ മമ്മൂട്ടി സാര്‍ പറഞ്ഞ് വിട്ടത് പ്രകാരം ആന്റോ ജോസഫ് എനിക്ക് അന്‍പതിനായിരം രൂപ കൊണ്ടു തന്നിരുന്നു. മരുമകളുടെ സുഹൃത്തിന്റെ മാല പണയം വച്ചാണ് ആശുപത്രിയില്‍ നിന്നും പുറത്ത് വന്നത്. അന്ന് ഞാന്‍ മമ്മൂക്കയോട് പണം കടം ചോദിച്ചതാണ്. അത് അല്ലാതെ ഒരു അഞ്ച് പൈസ ഞാന്‍ അദ്ദേഹത്തോട് ചോദിയ്ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും മോളി കണ്ണമാലി വ്യക്തമാക്കുന്നു.