”പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല, വേണ്ടത് നല്ല കഥാപാത്രങ്ങളും നട്ടെല്ലുള്ള തിരക്കഥകളും ” ; കുറിപ്പ് വൈറല്‍
1 min read

”പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല, വേണ്ടത് നല്ല കഥാപാത്രങ്ങളും നട്ടെല്ലുള്ള തിരക്കഥകളും ” ; കുറിപ്പ് വൈറല്‍

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര രീതിയിലായിട്ടുണ്ടെന്ന് പലരും പറയുന്നു. ആ പ്രതാപ കാലത്തെ വേഷങ്ങളില്‍ അയാളെ ഇന്ന് കാണാന്‍ കൊതിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഗീത് ആര്‍ ബാലനാണ് കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഉദയഭാനു : അവാര്‍ഡ് ഞാനും ഉദ്ദേശിച്ചിട്ടില്ല. കള്ള ബുദ്ധി ജീവികളുടെ അംഗീകാരം ആര്‍ക്കു വേണം.. എന്ന് വെച്ച് മിമിക്രി കാണിച്ചു മലയാള സിനിമയെ കുളം തോണ്ടാനും ഞാനില്ല.

ബേബികുട്ടന്‍ : അതൊന്നും വേണം എന്ന് ഞാനും പറയുന്നില്ല.പക്ഷെ ആളുകളെ എന്റര്‍ടൈന്‍മെന്റ് ചെയ്യുകയാണല്ലോ സിനിമ.

ഉദയഭാനു : ഏതു ആളുകളെ?

ബേബി കുട്ടന്‍ : ഞാന്‍ തര്‍ക്കിക്കുകയല്ല

ഉദയ ഭാനു : ഞാന്‍ തര്‍ക്കിക്കുകയാണ്..സിനിമ കാണുന്ന ആളുകളെ നിങ്ങള്‍ നിര്‍മാതാക്കള്‍ വില കുറച്ചു കാണുകയാണ്. നല്ല സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണ് അവര്‍ മിമിക്രി കണ്ടു കയ്യടിക്കുന്നത്.അത് കണ്ടു നിങ്ങള്‍ തീരുമാനിക്കുന്നു നിലവാരം കുറഞ്ഞതേ അവര്‍ക്കു വേണ്ടു എന്ന്.അതല്ല സത്യം.. അവര്‍ക്കു നല്ല സിനിമകള്‍ കൊടുത്ത സംവിധായകരും അവര്‍ പ്രതീക്ഷ അര്‍പ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകള്‍ എടുത്തു.അത് കൊണ്ടാണ് അവര്‍ മിമിക്രിക്ക് കയ്യടിക്കുന്നത്. മനസ്സിലായോ?നല്ല ചിത്രങ്ങളിലേക്ക് അവര്‍ തീര്‍ച്ചയായും മടങ്ങി വരും.

നല്ല ഒരുപാട് സിനിമകള്‍ നല്‍കി ഞാന്‍ അടക്കം ഉള്ള ആരാധകരെ ഓരോ സിനിമ കാണാന്‍ ആയി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടനും പലപ്പോഴും പല സിനിമകളിലൂടെ എന്നേ പോലുള്ള പല പ്രേക്ഷകരെയും ചതിച്ചിട്ടുണ്ട്..

സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം. സിനിമ സ്വപ്നം കാണാന്‍ കാരണം. അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച.. ഓര്‍മ വെച്ച കാലത്ത് ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട മുഖം. അതാണ് എനിക്ക് മോഹന്‍ലാല്‍

ഓര്‍മ്മ വെച്ച കാലം മുതല്‍ അച്ഛനും അമ്മയും ലാലേട്ടന്റെ സിനിമകള്‍ ആണ് തീയേറ്ററില്‍ കൂടുതലും കാണിച്ചിട്ടുള്ളത്. ആദ്യമായി കണ്ട മോഹന്‍ലാല്‍ സിനിമ ‘ചന്ദ്രലേഖ’. വളര്‍ന്നപ്പോള്‍ എന്റെ ഒപ്പം അദ്ദേഹത്തോടുള്ള ആരാധനയും വര്‍ധിച്ചു.പിന്നീട് അദ്ദേഹത്തിന്റെ ഓരോ സിനിമകളും എനിക്ക് ആവേശമായി മാറി. ആവേശത്തോടെ കാത്തിരുന്നു ഓരോ സിനിമകള്‍ക്കും ആയി..പലപ്പോഴും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ പല സമയങ്ങളിലും എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകള്‍ക്കായി കാത്തിരുന്നു.മോശം സിനിമകള്‍ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാന്‍ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിട്ടുള്ളത്.

മോഹന്‍ലാല്‍ സിനിമ ഇറങ്ങുമ്പോള്‍ ആ സിനിമയുടെ പോസ്റ്ററുകളും ട്രൈലെറുകളും എല്ലാം മനപാഠം ആയിട്ടുണ്ടാകും. പിന്നെ തീയേറ്ററില്‍ പോയി ടിക്കറ്റ് എടുത്തു തീയേറ്ററിനുള്ളിലെ ഇരുട്ടു മുറിയില്‍ കയറി ഇരുട്ടു മാറി പതിയെ സ്‌ക്രീനില്‍ ലാലേട്ടന്‍ വന്നാല്‍ പിന്നെ സിനിമ തുടങ്ങി കണ്ടു തീരുന്നത് വരെ അതൊരു ലഹരിയാണ്.ആ ചിരിയും ചമ്മലും കുസൃതിയും ചെറിയ ചലനങ്ങളും തമാശയും, പ്രണയവും ആക്ഷനും സെന്റിമെന്റ്‌സും എല്ലാം കണ്ടു അങ്ങനെ ഇരുന്നു പോയിട്ടുണ്ട് പലപ്പോഴും. വല്ലാത്ത ഇഷ്ടമാണ് .സാധാരണക്കാരന്‍ ആവാനും സൂപ്പര്‍ ഹീറോ ആവാനും ഒരേ പോലെ കഴിയുന്ന ഒരു നടന്‍.

വിന്‍സെന്റ് ഗോമസും പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ ആടിതിമിര്‍ത്തു തീയേറ്ററുകളെ ഉത്സവപറമ്പുകള്‍ ആക്കി മാറ്റിയ ലാലേട്ടന്‍ തന്നെയാണ് കീരിടത്തിലെ സേതുമാധവന്‍ ആയും ഭാരതത്തിലെ ഗോപിനാഥനായും വനപ്രസ്ഥത്തിലെ കുഞ്ഞുട്ടനായും തന്മാത്രയിലെ രമേശന്‍ ആയും ഭ്രമരത്തിലെ ശിവന്‍കുട്ടിയും എല്ലാം ആയി വിസ്മയിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇറങ്ങിയ അദേഹത്തിന്റെ സിനിമകള്‍ നോക്കിയാല്‍ വെല്ലുവിളികള്‍ നിറഞ്ഞ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള സിനിമകള്‍ ഉണ്ടോ. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇല്ല എന്നാണ്. മറ്റു കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ വ്യക്തമായ ഒരു സ്‌പേസ് നല്‍കിയും അവരില്‍ ഒരാളായി സിനിമയില്‍ നില കൊള്ളുകയും മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന നടനിലെ മാറ്റം എന്നിലെ പ്രേക്ഷകനെ വല്ലാതെ അത്ഭുതപെടുത്തുന്ന ഒന്നാണ്.

മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ജന്മം കൊണ്ട് അത്ഭുത പ്രതിഭകള്‍ തന്നെയാണ്.അത് അവര്‍ തെളിയിച്ചിട്ടുള്ളതും ആണ്. പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും തന്നിലെ നടനെ ചുഷണം ചെയ്യപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ടായാല്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകും.
ഒരു ആരാധകന്റെ കാത്തിരുപ്പും ആഗ്രഹവുമാണ്..
**രാഗീത് ആര്‍ ബാലന്‍**