ധ്രുവ് സര്‍ജയുടെ ഏറ്റവും വലിയ സിനിമയ്ക്ക് ശബ്ദം നല്‍കി മോഹന്‍ലാല്‍ ; കെഡി ദ് ഡെവിള്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്
1 min read

ധ്രുവ് സര്‍ജയുടെ ഏറ്റവും വലിയ സിനിമയ്ക്ക് ശബ്ദം നല്‍കി മോഹന്‍ലാല്‍ ; കെഡി ദ് ഡെവിള്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്

ന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനും സംവിധായകനുമായ ധ്രുവ് സര്‍ജയുടെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. കെഡി ദ് ഡെവിള്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. ഷോമാന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കേള്‍ക്കാന്‍ സാധിക്കും. രാമായണ യുദ്ധം പെണ്ണിന് വേണ്ടി, മഹാഭാരത യുദ്ധം മണ്ണിന് വേണ്ടി, ഈ കലിയുഗ യുദ്ധം തിളയ്ക്കുന്ന ചോരയ്ക്ക് വേണ്ടി എന്ന് മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് മലയാളം ടീസര്‍ തുടങ്ങുന്നത്. മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം മോഹന്‍ലാല്‍ ആരാധകരേയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം ടീസര്‍ ഒരു മില്യണില്‍ അധികം കാഴ്ച്ചക്കാരായി.

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ധ്രുവ് സര്‍ജയുടെ കരിയറിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് കെഡി ദ് ഡെവിള്‍. ടീസര്‍ റിലീസിന് അര്‍ജുന്‍ ജന്യ, ധ്രുവ് സര്‍ജ, ഷോമാന്‍ പ്രേമും അദ്ദേഹത്തിന്റെ ഭാര്യ രക്ഷിത, സഞ്ജയ് ദത്ത്, നിഷ വെങ്കട്ട്, സുപ്രിത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അര്‍ജുന്‍ ജന്യയാണ്. കെഡി ദ് ഡെവിള്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വില്യം ഡേവിഡാണ്.

ബഹദൂര്‍ , അദ്ദുരി എന്നീ ചിത്രങ്ങളിലൂടെയാണ് ധ്രുവ് സര്‍ജ പ്രശസ്തനായത്. സിനിമയിലെ അഭിനയത്തിന് ധ്രുവ സര്‍ജയ്ക്ക് നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (അദ്ദുരി – 2013). മികച്ച പുതുമുഖ നടനുള്ള ഉദയ ഫിലിം അവാര്‍ഡ് – (അദ്ദുരി-2013). മികച്ച നവാഗത നടനുള്ള സുവര്‍ണ ഫിലിം അവാര്‍ഡ്(അദ്ദുരി – 2013) എന്നിവയാണ്.

എ പി അര്‍ജുന്‍ സംവിധാനം ചെയ്യുന്ന മാര്‍ട്ടിന്‍ എന്ന ചിത്രമാണ് ധ്രുവ സര്‍ജയുടെ അടുത്ത ചിത്രം. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്ന് പറയപ്പെടുന്ന ചിത്രം നടനും സംവിധായകനുമായ ധ്രുവ സര്‍ജയുടെയും എപി അര്‍ജുന്റെയും തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ് കെ മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ട്ടിന്‍ എന്ന ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങും.