”അഭിനയ വിസ്മയത്തിന്റെ 33 വര്‍ഷങ്ങള്‍” ; ലോഹിതദാസ് – സിബിമലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം
മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ – ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, എല്ലാം ഒന്നിനൊന്ന് വ്യത്യാസങ്ങളായ ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ പ്രേക്ഷകരുടെ ഇഷ്ടം കൂടുതല്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ 1989ല്‍ പുറത്തിറങ്ങിയ ദശരഥം. വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ചിത്രത്തിലെ രാജീവ് മേനോന് എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലൊക്കെ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. സിനിമ ഇറങ്ങി 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും സോഷ്യല്‍ മീഡിയകളില്‍ പലരും പങ്കുവെക്കാറുണ്ട്. സഫീര്‍ അഹമ്മദ് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
”അഭിനയ വിസ്മയത്തിന്റെ 33 വര്‍ഷങ്ങള്‍”
‘ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ’ എന്ന് ചോദിച്ച്,ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച,മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോന് വന്നിട്ട് ഒക്ടോബര്‍ പത്തൊമ്പതിന്,ഇന്നേയ്ക്ക് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍.. അതെ,ലോഹിതദാസ്-സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം, മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമ,മലയാളികള്‍ക്ക് അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ,ഇതാണ് ഞങ്ങളുടെ നടന് എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍..
അമ്മയുടെ സ്നേഹപരിലാളനകള്‍ ലഭിക്കാത്ത,സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കന്‍ എന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെ, സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ മലയാളികള്‍ അനുഭവിച്ചത്. കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം എന്ന് പറയാം. കൃത്രിമ ബീജ സങ്കലനം/വാടകയ്ക്കൊരു ഗര്‍ഭപാത്രം തുടങ്ങിയ കാര്യങ്ങള്‍ മലയാളികള്‍ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീര്‍ണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി മലയാള പേക്ഷകരുടെ മുന്നില്‍ ലളിതമായി അവതരിപ്പിച്ചത് എന്നത് ആശ്ചര്യകരമായ കാര്യമാണ്..മലയാള സിനിമയിലെ ഏറ്റവും ധീരമായ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളില്‍ മുന്‍നിരയില്‍ ദശരഥം ഉണ്ടെന്ന് നിസംശയം പറയാം.
നാല്‍പ്പത് വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോന്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആദ്യത്തെ അഞ്ച് അതിഗംഭീര പ്രകടനങ്ങളിലൊന്ന്. മോഹന്‍ലാലിലെ അതുല്യ പ്രതിഭയെ എത്ര
സ്വഭാവികതയോടെയാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് എന്ന കഥാപാത്രത്തിന് മോഹന്‍ലാല്‍ കൊടുത്ത ശരീരഭാഷ എടുത്ത് പറയേണ്ട ഒന്നാണ്. രാജീവിന്റെ നടത്തം,സംസാരം,ആംഗ്യ വിക്ഷേപങ്ങള്‍ ഒക്കെ എത്ര മനോഹരമായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്, എന്തൊരു ആകര്‍ഷണീയതയാണ് അതിന്. സിനിമയില്‍ നടന്മാരുടെ അഭിനയിത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ? പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് മദ്യപാന രംഗങ്ങളില്‍ അല്ലെങ്കില്‍ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്. ആടിയാടി നില്ക്കുന്ന, നടക്കുന്ന, കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കല്‍ മദ്യപാനി, സിനിമയിലെ ക്ലീഷേകളില്‍ ഒന്ന്. മഹാനടന്മാരെന്ന് പേര് കേട്ട പലരും പിന്തുടരുന്നതും മേല്‍പ്പറഞ്ഞ രീതി ഒക്കെ തന്നെയാണ്. അവിടെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യന്‍സ് നമുക്ക് ബോധ്യമാകുന്നത്. പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി എത്ര വശ്യമായിട്ടാണ്, അതിലേറെ എത്ര സ്വഭാവികമായിട്ടാണ് മോഹന്‍ലാല്‍ രാജീവ് മേനോന് എന്ന മുഴുകുടിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മോഹന്‍ലാലിനോളം സ്വഭാവികമായി ഇത്തരം റോളുകള്‍ ചെയ്യുന്ന നടന്മാര് ഇല്ല എന്ന് തന്നെ പറയാം.
ദശരഥത്തിലെ ഏറ്റവും മികച്ച സീന്‍ ഏതെന്ന് ചോദിച്ചാല്‍ മിക്കവരും പറയുക ക്ലൈമാക്സ് രംഗം എന്നായിരിക്കും..എന്നാല്‍ ക്ലൈമാക്സ് രംഗത്തിന് ഒപ്പം നില്ക്കുന്ന ഒരുപാട് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ദശരഥം.’തൊമ്മിയെ എനിക്ക് തരുമൊ’ എന്ന് കറിയാച്ചനോട് രാജീവ് ചോദിക്കുന്നത് ദശരഥത്തിലെ വൈകാരികമായ,മനോഹരമായ ഒരു രംഗമാണ്. നെടുമുടി വേണുവും മോഹന്‍ലാലും മല്‍സരിച്ച് അഭിനയിച്ച രംഗം. ബന്ധങ്ങളുടെ വില തനിക്കറിയില്ല എന്ന് കറിയാച്ചന് എന്ന് പറയുമ്പോള്‍ രാജീവിന്റെ ഒരു തലയാട്ടല്‍ ഉണ്ട്, കറിയാച്ചന് പറഞ്ഞത് സങ്കടത്തോടെ, ചെറു ചിരിയോടെ ശരിയാണെന്ന് സമ്മതിച്ച് കൊണ്ടുള്ള ഭാവം, ഹൊ, അതിമനോഹരം എന്നേ വിശേഷിപ്പിക്കാന്‍ പറ്റു. ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടിയ കാര്യം ഡോക്ടര്‍ ഹമീദ് രാജീവിനോട് പറയുമ്പോള്‍ രാജീവ് അക്ഷമയോടെ കേട്ടിരിക്കുന്നത്, അവസാനം ഡോക്ടര്‍ പേര് പറയുമ്പൊ ‘ആനി’ എന്ന് രാജീവ് പറയുന്നത് മറ്റൊരു മനോഹര രംഗം.
ചന്ദ്രദാസുമായി ആദ്യമായി സംസാരിക്കുന്ന രംഗം,ആനിയെ ആദ്യമായി കാണുമ്പോള്‍ ഉള്ള രാജീവിന്റെ ഭാവം,തന്റെ വയറ്റില്‍ അവന് അനങ്ങി തുടങ്ങി,ലക്ഷണം കണ്ടിട്ട് ആണ്‍കുട്ടിയാണെന്ന് ആനി പറയുമ്പോഴുള്ള രാജീവിന്റെ സന്തോഷവും ഒപ്പം ചെറിയ കണ്ണീരും ഉള്ള രംഗം,ലേബര്‍ റൂമിന്റെ മുന്നില്‍ നിന്ന് കുഞ്ഞിനെ കൈയ്യില്‍ വാങ്ങുന്ന രംഗത്തിലെ രാജീവിന്റെ സന്തോഷം, ആശുപത്രി മുറിയുടെ ജനലരികില്‍ നിന്ന് ആനിയുടെ ചൂടേറ്റ് കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി കാണുന്ന രംഗംഅത് കഴിഞ്ഞ് വീട്ടിലെത്തി അങ്കിളിനോട് താനും അമ്മയുടെ ചൂടേറ്റ് തന്റെ കുഞ്ഞ് ആനിയുടെ അടുത്ത് കിടന്നത് പോലെ കിടന്നിട്ടുണ്ടാകുമൊ എന്ന് രാജീവ് ചോദിക്കുന്ന രംഗം,കുഞ്ഞിന്റെ പാല്‍ക്കുപ്പി രാജീവ് എടുത്ത് കുടിച്ച് നോക്കുന്ന രംഗം,ഒരിക്കല്‍ കൂടി ചോദിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ കിട്ടുമായിരുന്നു എന്ന് പിന്നീട് തോന്നാതിരിക്കാന്‍ ആനിയുടെ അടുത്ത് പോയി ‘എന്റെ മോനെ എനിക്ക് തരൊ’ എന്ന് ചോദിക്കുന്ന രംഗം. ഇങ്ങനെ ഹൃദയസ്പര്‍ശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തില്‍. തിയേറ്ററില്‍ ഇല്ലാതിരുന്ന, എന്നാല്‍ വീഡിയൊ കാസറ്റില്‍ ഉണ്ടായിരുന്ന വളരെ രസകരമായ ഒരു രംഗമുണ്ട് ദശരഥത്തില്‍. ആശുപത്രിയില്‍ രാജീവ് സെമന്‍ കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം. ഇതെങ്ങനെയാണ് എടുക്കുന്നത് എന്ന് രാജീവ് നിഷ്കളങ്കമായി ഡോക്ടര്‍ ഹമീദിനോട് ചോദിക്കുന്നതും ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാന്‍ തന്നെ പറഞ്ഞ് തരണോ’ എന്ന് ഡോക്ടര്‍ ഹമീദ് മറുപടി പറയുന്നതും ഒക്കെ വളരെ രസകരമായിട്ടാണ് സിബിമലയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെമന്‍ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടര്‍ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിച്ച മോഹന്‍ലാല്‍ എന്ന നടന്റെ പ്രശസ്തമായ ആ ചമ്മല് ചിരി..തിയേറ്ററില്‍ ഈ രംഗം ഉണ്ടായിരുന്നെങ്കില്‍ പ്രേക്ഷകര്‍ ചിരിച്ച് മറിയുമായിരുന്നു. മാതൃത്വവും അതിന്റെ പവിത്രതയും മഹത്വവും വളരെ ശക്തമായിട്ടാണ് ലോഹിതദാസ് ആനി എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിരിക്കുന്നത്. തന്റെ എല്ലാമെല്ലാമായ ചന്ദ്രദാസിന് വേണ്ടി പത്ത് മാസത്തെ ട്യൂമര്‍ എന്ന് പറഞ്ഞ് കൊണ്ട് ഗര്‍ഭം ധരിക്കുന്ന ആനിയുടെ പതിയെ പതിയെ ഉള്ള മാറ്റമാണ് ദശരഥം സിനിമ നല്കുന്ന സന്ദേശം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തും ഉള്ളു എന്ന പൊതുവായ സന്ദേശം. ഒരു സ്ത്രീക്ക് ഏറ്റവും വലുത് തന്റെ ഭര്‍ത്താവാണൊ കുഞ്ഞാണൊ എന്ന് ചന്ദ്രദാസ് അമ്മയോട് ചോദിക്കുന്നുമുണ്ട് ഒരു രംഗത്തില്‍. ചന്ദ്രദാസ് എന്ന നിസഹായനായ ഭര്‍ത്തവായി മുരളിയും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. രേഖ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രം ദശരഥത്തിലേതായിരിക്കും.
ഹൃദയസ്പര്‍ശിയായ, വൈകാരികമായ ഒട്ടേറെ കഥാസന്ദര്‍ഭങ്ങളെ, അതിനാടകീയതിലേയ്ക്ക് വഴുതി പോകാതെ വളരെ സ്വഭാവികമായിട്ടാണ് സിബിമലയില്‍ ദശരഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സിബിമലയിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അദ്ദേഹത്തിന്റെ ആ കഴിവ് തനിയാവര്‍ത്തനം, കിരീടം, ഭരതം, സദയം, ചെങ്കോല്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ അനുഭവിച്ചറിഞ്ഞതുമാണ്.
സിബിമലയലിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ എന്ന നടന്റെ നടനത്തിന്, ഭാവപ്പകര്‍ച്ചയ്ക്ക് ഒരു പ്രത്യേക ചാരുതയാണ് ഉണ്ടാകാറുള്ളത്. ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒരു തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനടന്മാര് എന്ന്. പ്രിയദര്‍ശന്റെ സിനിമകളില്‍ തലക്കുത്തി മറിയുന്ന, സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ തമാശ കാണിക്കുന്ന, പിന്നെ ആക്ഷന്‍ മാത്രം ചെയ്യാന്‍ പറ്റുന്ന നടന് എന്നായിരുന്നു കിരീടം വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന മുന്‍വിധി. കിരീടത്തിന് മുമ്പ് അമൃതംഗമയ, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു അക്കാലത്ത്..പക്ഷെ കിരീടത്തിലെ പെര്‍ഫോമന്‍സിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന മുന്‍ധാരണകളെ മോഹന്‍ലാല്‍ തിരുത്തി വിമര്‍ശരകരുടെ വായ് അടപ്പിച്ചു..കിരീടത്തിലെ ഗംഭീര പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് അടിവരയിടുന്നതായിരുന്നു ദശരഥത്തിലെ മോഹന്‍ലാലിന്റെ പ്രകടനം.. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ഒരു മല്‍സരം നടത്തുകയാണെങ്കില്‍ അതിന് മലയാള സിനിമയുടെ എന്‍ട്രിയായി വേറെ സിനിമകള്‍ അയക്കേണ്ടതില്ല, കിരീടമൊ ദശരഥമൊ വരവേല്‍പ്പൊ അയച്ചാല്‍ മതി, മികച്ച നടന്മാരുടെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉറപ്പായും മോഹന്‍ലാല്‍ ഉണ്ടാകും.
1989ലെ മികച്ച നടനുള്ള സംസ്ഥാന/ദേശീയ അവാര്‍ഡ് മത്സരത്തില്‍ വരവേല്‍പ്പ്,കിരീടം, ദശരഥം തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ അവസാന റൗണ്ട് വരെ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. പക്ഷെ മോഹന്‍ലാലിന്റെ പകരം വെയ്ക്കാനില്ലാത്ത ഈ മൂന്ന് ഗംഭീര അഭിനയ പ്രകടനങ്ങളെ മനപ്പൂര്‍വ്വം അവഗണിച്ചു അന്നത്തെ ജൂറി. അവഗണിച്ചതിന്റെ പ്രായിശ്ചിത്തം എന്ന പോലെ കിരീടത്തിലെ പ്രകടനം മാത്രം പരിഗണിച്ച് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കൊടുത്തു ദേശീയ അവാര്‍ഡ് ജൂറി. 1989 ഒക്ടോബര്‍ 19ന് കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാന്‍ ദശരഥം. അന്നത്തെ ഒമ്പതാം ക്ലാസ്ക്കാരനായ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ദശരഥത്തിന്റെ പ്രമേയമെങ്കിലും ക്ലൈമാക്സില്‍ രാജീവിന്റെ കരച്ചില് കണ്ട് സങ്കടത്തോടെയാണ് അന്ന് തിയേറ്ററില്‍ നിന്നും ഞാന്‍ ഇറങ്ങിയത്. മൂന്ന് പ്രാവശ്യം മുഗള്‍ തിയേറ്ററില്‍ നിന്ന് തന്നെ കണ്ടിട്ടുണ്ട് ദശരഥം. പിന്നീടിങ്ങോട്ട് എത്ര പ്രാവശ്യം ദശരഥം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.
ദശരഥത്തെ കുറിച്ച് എഴുതുമ്പോള്‍ ആ മികച്ച ക്ലൈമാക്സിനെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കില്‍ അതൊരിക്കലും പൂര്‍ണമാകില്ല. അത്രമാത്രം പ്രേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ ക്ലൈമാക്സായിരുന്നു ദശരഥത്തിന്റെത്. ആനിക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം കണ്ടാണ് രാജീവ് തന്റെ ഓര്‍മ്മയില്‍ പോലും ഇല്ലാത്ത അമ്മയെ പറ്റി മാഗിയോട് ചോദിക്കുന്നത് ‘എല്ലാ അമ്മമാരും ആനിയെ പോലെയാണൊ’ എന്ന്. ഒരു അമ്മയുടെ സ്നേഹം, ലാളനമൊക്കെ രാജീവ് എന്ന അനാഥന് ചെറുപ്പം മുതലേ ആഗ്രഹിക്കുന്നുണ്ട്, ഒരിക്കലും ലഭിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞിരുന്നിട്ടും കൂടി. ആ യാഥാര്‍ത്ഥ്യത്തിന്റെ അപകര്ഷകത മറച്ച് വെയ്ക്കാനായിരിക്കാം അയാള്‍ മദ്യത്തില്‍ അഭയം പ്രാപിച്ചത്, അരക്കിറുക്കനായി ഒക്കെ അഭിനയിച്ചത്. ആനിയിലെ അമ്മയെ കണ്ടതോട് കൂടി രാജീവ് വീണ്ടും ഒരമ്മയുടെ സ്നേഹം ആഗ്രഹിക്കുകയാണ്, അതായിരിക്കാം ‘ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന് ചോദിക്കാന്‍ അയാളെ പ്രേരിപ്പിച്ചതും. താന്‍ വര്‍ഷങ്ങളായി കൊണ്ട് നടന്ന ദുഖം, വേദന, അനാഥത്വം ഒക്കെ ഇറക്കി വെച്ച സന്തോഷത്തിലായിരിക്കും മാഗിയോട് തന്നെ സ്നേഹിക്കാമൊ എന്ന് ചോദിച്ചതിന് ശേഷം രാജീവ് ചിരിച്ച് കൊണ്ട് കരഞ്ഞത്.
എത്ര മനോഹരമായിട്ടാണ്, അങ്ങേയറ്റം സ്വാഭാവികതയോടാണ് നാടകീയതയിലേക്ക് പോകാതെ മോഹന്‍ലാല്‍ ഈ ക്ലൈമാക്സ് രംഗത്ത് പകര്‍ന്നാടിയിരിക്കുന്നത്. വിസ്മയം എന്ന പദത്തിന് മേലെ ഏതെങ്കിലും പദം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കേണ്ടി വരും മോഹന്‍ലാലിന്റെ ഈ അത്യുജ്വല അഭിനയ മികവിനെ വിശേഷിപ്പിക്കാന്‍. വിങ്ങുന്ന മനസോടെ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവരുടെ മനസില്‍ രാജീവ് എന്ന കഥാപാത്രവും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ചാരുതയും എന്നേന്നേക്കുമായി കുടിയേറിയിരുന്നു. മേല്‍പ്പറഞ്ഞ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചപ്പോള്‍ സിബിമലയില്‍ എങ്ങനെയായിരിക്കും മോഹന്‍ലാലിന് അത് വിശദീകരിച്ച് കൊടുത്തിട്ടുണ്ടാകുക, കണ്‍വിന്‍സ് ചെയ്യിച്ചിട്ടുണ്ടാകുക. അറിയില്ല. എന്നെങ്കിലും സിബിമലയിലിനെ നേരിട്ട് കാണുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ കരുതി വെച്ചിരിക്കുന്ന ചോദ്യമാണിത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷനില്‍ മോഹന്‍ലാലിന് ഏറ്റവും കുറവ് മാര്‍ക്ക് കൊടുത്തത് സിബിമലയില്‍ ആയിരുന്നു..പക്ഷെ ആ സിബിമലയിലാണ് പില്ക്കാലത്ത് മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്നത് കൗതുകകരമായ ഒന്നാണ്.
മോഹന്‍ലാല്‍, മുരളി, രേഖ എന്നിവരുടെ മികച്ച പ്രകടത്തിനൊപ്പം എടുത്ത് പറയേണ്ടതാണ് നെടുമുടി വേണു, കരമന ജനാര്ദ്ദനന്, സുകുമാരന്‍, KPAC ലളിത, സുകുമാരി,കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ പ്രകടനങ്ങളും. വേണുവിന്റെ ഛായാഗ്രഹണവും ജോണ്സണ് മാഷിന്റെ സംഗീതവും ദശരഥം എന്ന സിനിമയെ മികച്ചൊരു അനുഭവമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ദശരഥത്തിന്റെ ഓഡിയൊ കാസറ്റില്‍ ചിഞ്ചിലം,മന്താരചെപ്പുണ്ടൊ എന്നീ പാട്ടുകള്‍ കൂടാതെ എം.ജി.ശ്രീകുമാര്‍ പാടിയ ‘കറുകുറുകെ ചെറുകുറുകെ’ എന്ന ഒരു നാടന്‍ പാട്ട് കൂടി ഉണ്ടായിരുന്നു, പക്ഷെ അത് സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. ‘മന്താരച്ചെപ്പുണ്ടോ’ എന്ന പാട്ട് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും എവര്‍ഗ്രീന്‍ പാട്ടായി നിലനില്ക്കുന്നു. പൂവ്വച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വ്വഹിച്ച അവസാനത്തെ മോഹന്‍ലാല്‍ സിനിമ കൂടിയാണ് ദശരഥം.
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ദശരഥത്തെ കുറിച്ച്, മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കില് അത് ലോഹിതദാസ് എന്ന അതുല്യ കഥാക്കാരന്റെ തൂലികയുടെ ശക്തി കൊണ്ടാണ്,എഴുത്തിന്റെ മികവിനെ വെല്ലുന്ന രീതിയില്‍ അത് സിബിമലയില്‍ എന്ന സംവിധായകന് അവതരിപ്പിച്ചത് കൊണ്ടാണ്, സര്‍വ്വോപരി മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ വിസ്മയ പ്രകടനം കൊണ്ടാണ്. അന്നത്തെ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത പ്രമേയം ആയത് കൊണ്ടാകാം മികച്ച സിനിമ ആയിട്ട് കൂടി ബോക്സ് ഓഫിസില്‍ ശരാശരിക്ക് മേലെയുള്ള വിജയമേ ദശരഥത്തിന് നേടാനായുള്ളു. ദശരഥം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് യശ:ശരീരനായ ലോഹിതദാസ്, സംവിധായകന് സിബിമലയില്‍, നിര്‍മ്മാതാവ് സാഗ അപ്പച്ചന്, പിന്നെ രാജീവ് മേനോനായി നിറഞ്ഞാടിയ മോഹന്‍ലാല്‍ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട്,വീണ്ടും മികച്ച സിബി-ലാല്‍ സിനിമകള്‍ കാണാമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.