‘റോഷാക്ക്’ ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് ; കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റോഷാക്ക് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്.
ഇന്ത്യയ്ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ 7 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 9.75 കോടി ആയതുകൊണ്ട് തന്നെ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഷാക്ക് ഈ ആഴ്ച്ച കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. യുകെ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും.
ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും 13 നും യുകെയില്‍ 14 നുമാണ് ചിത്രം എത്തുക. സോഷ്യല്‍ മീഡിയയില്‍ ഇതിനകം വലിയ മൗത്ത് പബ്ലിസിറ്റിയാണ് റോഷാക്ക് നേടിയത്. വിദേശമാര്ക്കറ്റുകളിലും എത്തുന്നതോടെ ബോക്സ്ഓഫീസ് കളക്ഷനില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാകുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ. കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.
ചിത്രത്തില്‍ മമ്മൂട്ടിയെയും അസിഫ് അലിയെയും കൂടാതെ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച് ആദ്യമായി തീയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് റോഷാക്ക്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ – ചിത്രസംയോജനം- കിരണ്‍ ദാസ്, സംഗീതം- മിഥുന് മുകുന്ദന്, കലാ സംവിധാനം- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, ചമയം- റോണക്സ് സേവ്യര്‍ ആന്‍ഡ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍- ബാദുഷ, പിആര്‍ഒ പ്രതീഷ് ശേഖര്‍.